
സിനിമയിൽ സജീവമാകുന്നതിനായി പതിനൊന്നാം ക്ലാസിന് ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നതിൽ ഇന്നും തനിക്ക് വലിയ പശ്ചാത്താപമുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം കരീന കപൂർ. പോഡ്കാസ്റ്റർ ഹനുമാൻ ദാസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും അത് മനസ്സിൽ ബാക്കിവെച്ച സങ്കടങ്ങളെക്കുറിച്ചും താരം മനസ്സ് തുറന്നത്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ, മക്കളോട് ആദ്യം വിദ്യാഭ്യാസം പൂർത്തിയാക്കാനും അതിനുശേഷം മാത്രം താൽപ്പര്യമുള്ള മേഖലകളിലേക്ക് കടക്കാനുമാണ് താൻ നിർദേശിക്കാറുള്ളതെന്നും കരീന വ്യക്തമാക്കി.
വിദ്യാഭ്യാസം പൂർത്തിയാക്കാൻ അവസരമുണ്ടായിരുന്നിട്ടും സിനിമ എന്ന ആഗ്രഹത്തിന് പിന്നാലെ പോയതാണ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണമായതെന്ന് കരീന പറയുന്നു. നടി എന്ന നിലയിൽ സ്വയം തെളിയിക്കുകയായിരുന്നു അന്ന് ലക്ഷ്യം. ഇതിന്റെ പേരിൽ ആളുകൾ കളിയാക്കിയാലും കുഴപ്പമില്ലെന്നും താരം കൂട്ടിച്ചേർത്തു. സ്വന്തമായി വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിലുണ്ടായിരുന്നതുകൊണ്ടാണ് ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന യൂണിസെഫിന്റെ (UNICEF) പ്രവർത്തനങ്ങളോട് എളുപ്പത്തിൽ ആത്മബന്ധം സ്ഥാപിക്കാൻ തനിക്ക് സാധിച്ചതെന്നും അവർ വ്യക്തമാക്കി.
മുംബൈയിലെ ജംനബായ് നർസി സ്കൂളിലും ഡെറാഡൂണിലെ വെൽഹാം ഗേൾസ് സ്കൂളിലുമായിരുന്നു കരീനയുടെ സ്കൂൾ വിദ്യാഭ്യാസം. പിന്നീട് മിഥിബായ് കോളേജിൽ കൊമേഴ്സിന് ചേർന്നുവെങ്കിലും ബിരുദം പൂർത്തിയാക്കിയില്ല. ഹാർവാർഡ് സമ്മർ സ്കൂളിൽ മൈക്രോകമ്പ്യൂട്ടറുകളിൽ മൂന്ന് മാസത്തെ കോഴ്സും താരം ചെയ്തിട്ടുണ്ട്. ഒരവസരത്തിൽ അഭിഭാഷകയാകാൻ ആഗ്രഹിച്ചിരുന്ന കരീന, 2000-ൽ അഭിഷേക് ബച്ചനൊപ്പം ‘റഫ്യൂജി’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
അതേസമയം, മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റാ’ എന്ന ചിത്രമാണ് കരീനയുടേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ. മലയാളി താരം പൃഥ്വിരാജ് സുകുമാരനൊപ്പം കരീന ആദ്യമായി ഒന്നിക്കുന്ന ഈ ക്രൈം ഡ്രാമ ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തും. ‘സിംഗം എഗെയ്ൻ’, ‘ക്രൂ’ എന്നിവയാണ് താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ.