
ഫ്രൈഡേ ഫിലിം ഹൗസിലെ കൂട്ടുകെട്ട് പിരിഞ്ഞതിനെക്കുറിച്ചും സാന്ദ്ര തോമസുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും മനസ്സുതുറന്ന് നിർമാതാവും നടനുമായ വിജയ് ബാബു. ബിസിനസ്സിൽ ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയാതെ വന്നപ്പോഴാണ് തങ്ങൾ വേർപിരിഞ്ഞതെന്നും വ്യക്തിപരമായ വിരോധങ്ങൾ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്നും വിജയ് ബാബു 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇരുവരും വേർപിരിഞ്ഞതിനെക്കുറിച്ച് മുൻപ് സാന്ദ്ര തോമസ് നടത്തിയ വെളിപ്പെടുത്തലുകളും ഇതോടൊപ്പം വീണ്ടും ചർച്ചയാകുകയാണ്.
ഒരുമിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കുക മാത്രമായിരുന്നു വഴി എന്ന് വിജയ് ബാബു പറയുന്നു. കുറച്ചുകാലം വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന തങ്ങൾക്കിടയിൽ ബിസിനസ്സിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പ്രശ്നങ്ങൾ വഷളാക്കിയത്. ദേഷ്യം സഹിക്കാനാവാതെ വന്ന ഘട്ടത്തിൽ മൃഗങ്ങളെയാണ് കൂടുതൽ വിശ്വസിക്കാൻ കൊള്ളുന്നത് എന്നതുപോലുള്ള പ്രതികരണങ്ങൾ നടത്തിയത് അപ്പോഴത്തെ മാനസികാവസ്ഥയിലാണെന്നും ആ കാര്യങ്ങളെല്ലാം താൻ എപ്പോഴേ മറന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വർഷങ്ങൾക്ക് മുൻപ് കഴിഞ്ഞ കാര്യങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവരുകയും വീട്ടിലുള്ളവരെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തപ്പോഴാണ് വീണ്ടും പ്രതികരിക്കേണ്ടി വന്നതെന്നും, ഭാര്യയുടെ പേര് പരാമർശിച്ച ഘട്ടത്തിലാണ് താൻ വിഷയത്തിൽ ഇടപെട്ടതെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.
അതേസമയം, പ്രശ്നങ്ങൾ ഉടലെടുത്ത സമയത്താണ് താൻ വിജയ് ബാബുവിന്റെ മറ്റൊരു മുഖം കണ്ടതെന്നായിരുന്നു സാന്ദ്ര തോമസ് മുൻപ് വെളിപ്പെടുത്തിയത്. താൻ ഏറ്റവും അടുത്ത സുഹൃത്തായും ബിസിനസ് പങ്കാളിയായും കരുതിയ ആളിൽ നിന്ന് ഇത്തരം ഒരു അനുഭവം ഉണ്ടായത് ജീവിതത്തിലെ വലിയൊരു ആഘാതമായിരുന്നു എന്ന് സാന്ദ്ര പറയുന്നു. ഫ്രൈഡേ ഫിലിം ഹൗസിലും സ്വന്തം വീട്ടിലും ജോലി ചെയ്തിരുന്ന ജീവനക്കാരിൽ നിന്നും അമ്മയിൽ നിന്നുമാണ് ഇതിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പുകൾ ലഭിച്ചതെങ്കിലും തുടക്കത്തിൽ താനത് കാര്യമാക്കിയിരുന്നില്ല. പിന്നീട് നടി ആൻ അഗസ്റ്റിനും വിജയ് ബാബുവിന്റെ ഭാര്യ സ്മിതയുമാണ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിത്തന്നത്. താൻ ചെയ്ത അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് ബോധ്യപ്പെടുത്തിത്തന്നത് സ്മിതയാണെന്നും, വിജയ് മോശം മനുഷ്യനാണെന്ന് ഇതിനർത്ഥമില്ലെന്നും എല്ലാവർക്കും കുറവുകളുണ്ടെന്നും സാന്ദ്ര വ്യക്തമാക്കുന്നു.
വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ ഇപ്പോഴും ചർച്ചയാക്കുന്നതിൽ അർത്ഥമില്ലെന്നാണ് വിജയ് ബാബുവിന്റെ നിലപാട്. ഒരുമിച്ച് ആറ് സിനിമകൾ നിർമിച്ച ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. അതിനുശേഷമാണ് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ ഉണ്ടായതെന്നും അദ്ദേഹം ഓർത്തെടുത്തു.