
പ്രശസ്ത ഫിലിം ടെക്നീഷ്യനും ചിത്രാഞ്ജലി ഫിലിം ലാബ് മുൻ തലവനുമായിരുന്ന സുധീർ ചിത്രാഞ്ജലി അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്ക് സ്വവസതിയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8.30-ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
മലയാള സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ നിന്ന് ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് ചുവടുമാറ്റിയ ചരിത്രവഴികളിലെ പ്രമുഖ സാന്നിധ്യമായിരുന്നു സുധീർ. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിലിം പ്രോസസിംഗിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയിലൂടെയാണ് തൊഴിൽരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ചിത്രലേഖ സ്റ്റുഡിയോയിലും പ്രവർത്തിച്ചു.
ചിത്രാഞ്ജലി സ്റ്റുഡിയോ ആരംഭിച്ചതു മുതൽ ലാബ് ടെക്നീഷ്യൻ, ലാബ് ചീഫ്, കളർ കൺസൾട്ടന്റ് എന്നീ ചുമതലകളിൽ സജീവമായിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ചിത്രാഞ്ജലിയിലെ ഫിലിം ലാബ് പ്രവർത്തനം അവസാനിപ്പിക്കുന്നത് വരെ അദ്ദേഹം അവിടെ തുടർന്നു. അഞ്ഞൂറിലധികം സിനിമകളുടെ പ്രോസസിംഗ് നിർവഹിച്ച അദ്ദേഹം 2014-ലാണ് ഫിലിം ഓഫീസറായി സർവീസിൽ നിന്ന് വിരമിച്ചത്.
സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച ‘മോഹിനിയാട്ടം’ എന്ന ഡോക്യുമെന്ററിയിലൂടെ ദേശീയ അവാർഡും, ‘ഡാനി’, ‘ഒരിടം’, ‘സൂഫി പറഞ്ഞ കഥ’, ‘ബയോസ്‌കോപ്പ്’ എന്നീ ചിത്രങ്ങളിലെ മികച്ച ലാബിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ചിത്രാഞ്ജലിക്ക് നേടിക്കൊടുക്കുന്നതിൽ സുധീറിന്റെ സാങ്കേതിക മികവ് നിർണായക പങ്കുവഹിച്ചു.
സജിതയാണ് ഭാര്യ. മകൾ: ശ്രുതി സുധീർ. മരുമകൻ: രജി പ്രസാദ് (ഛായാഗ്രാഹകൻ). ചെറുമകൻ: പ്രയാഗ് രജി.