“ഇത്തരം സിനിമകൾ ചെയ്ത് നാണംകെടാനില്ല, അഭിനയം നിർത്താൻ തോന്നുന്നു”: തുറന്നടിച്ച് താപ്‌സി; ലക്ഷ്യം കിയാരയും ടോക്‌സിക്കും?

','

' ); } ?>

സമകാലിക ബോളിവുഡ് സിനിമാ രീതികളെയും ഉള്ളടക്കത്തെയും രൂക്ഷമായി വിമർശിച്ച് നടി താപ്‌സി പന്നു . നിലവിൽ തിയേറ്ററുകളിലെത്തുന്ന പല സിനിമകളും കാണുമ്പോൾ അഭിനയരംഗത്തുനിന്ന് വിരമിക്കാൻ തോന്നാറുണ്ടെന്നാണ് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. താരത്തിന്റെ പ്രതികരണം വൈറലായതോടെ, യാഷ് നായകനായെത്തിയ ‘ടോക്സിക്’ എന്ന ചിത്രത്തെയും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കിയാര അദ്വാനിയെയുമാണ് താപ്‌സി പേരെടുത്തു പറയാതെ ലക്ഷ്യമിട്ടതെന്ന വാദവുമായി സോഷ്യൽ മീഡിയ രംഗത്തെത്തി.

താൻ കരിയർ ആരംഭിച്ച കാലഘട്ടത്തെ ഒരു ‘ഡ്രീം എറ’ എന്നാണ് താപ്‌സി വിശേഷിപ്പിച്ചത്. ഇന്നത്തെപ്പോലെയുള്ള സിനിമകൾ മാത്രമാണ് അന്നുമുണ്ടായിരുന്നതെങ്കിൽ തനിക്കൊരു കരിയർ പോലും ഉണ്ടാകുമായിരുന്നില്ലെന്നും കുടുംബത്തോടൊപ്പം സിനിമകൾ കാണുമ്പോഴാണ് വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചുപോയതെന്നും താരം കൂട്ടിച്ചേർത്തു. ഭാവിയിൽ തിരിഞ്ഞുനോക്കുമ്പോൾ നാണക്കേടുണ്ടാക്കുന്ന സിനിമകളുടെ ഭാഗമാകാൻ താല്പര്യമില്ലെന്നും ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കുന്നതിലും നല്ലത് അഭിനയം നിർത്തുന്നതാണെന്നും താപ്‌സി തുറന്നടിച്ചു. പത്തു വർഷം കഴിഞ്ഞാലും അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ സാധിക്കുന്ന കഥാപാത്രങ്ങളാകണം തന്റെ കരിയറിലുണ്ടാകേണ്ടതെന്നാണ് താരത്തിന്റെ നിലപാട്.

താപ്‌സിയുടെ ഈ പരാമർശം പുറത്തുവന്നതിനു പിന്നാലെ വലിയ രീതിയിലുള്ള സൈബർ ചർച്ചകളാണ് ഉയർന്നുവന്നത്. യാഷ് നായകനായ ‘ടോക്സിക്’ എന്ന ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ നിർമ്മിതി വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ കിയാരയുടെ കഥാപാത്രത്തെയും സിനിമയുടെ പൊതുസ്വഭാവത്തെയും ഉദ്ദേശിച്ചാണ് താപ്‌സിയുടെ ഈ പരസ്യവിമർശനമെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.

അതേസമയം, താപ്‌സിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ ചേരിതിരിഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് താപ്‌സിയും ഇത്തരം വാണിജ്യ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അവസരങ്ങൾ കുറഞ്ഞപ്പോഴാണ് വിമർശനമെന്നുമാണ് എതിർക്കുന്നവരുടെ വാദം. കിയാരയ്ക്ക് തിയേറ്ററുകളിൽ വലിയ വിജയങ്ങളുള്ള കരിയറുണ്ടെന്നും താപ്‌സി ഇപ്പോൾ ഒടിടി ചിത്രങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോയെന്നും ചിലർ പരിഹസിക്കുന്നു. എന്നാൽ, നിലവാരമുള്ള കഥാപാത്രങ്ങളും ഫിലിമോഗ്രഫിയും തിരഞ്ഞെടുക്കുന്നതിൽ താപ്‌സി കാണിക്കുന്ന കാർക്കശ്യത്തെ പിന്തുണച്ചും നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.