സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ ദുരൂഹ മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

','

' ); } ?>

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ ദൂരൂഹമരണത്തിൽ സിബിഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ വരുത്തിയ മുംബൈ പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി, കേസിൽ ഉടനടി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ കേന്ദ്ര ഏജൻസിക്ക് നിർദേശം നൽകി. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥന് കൃത്യമായ തെളിവുകൾ ലഭിക്കുന്നത് വരെ ആരെയും പ്രതിസ്ഥാനത്ത് ചിത്രീകരിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ദിഷയുടെ പിതാവ് സതീഷ് സാലിയൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഈ നിർണായക ഇടപെടൽ. മല്വാണി പൊലീസ് സ്റ്റേഷനിലെ കേസ് ഡയറികളും അനുബന്ധ രേഖകളും ഉടൻ തന്നെ സിബിഐക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. സതീഷ് സാലിയന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തി, മുതിർന്ന സിബിഐ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും ഇനി കേസ് അന്വേഷിക്കുക. കൊലപാതക സാധ്യത കുടുംബം ആവർത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടും എഫ്ഐആർ പോലുമെടുക്കാതെ കേസ് വെറുമൊരു അസ്വാഭാവിക മരണമായി ഒതുക്കാൻ ശ്രമിച്ച മുംബൈ പൊലീസിന്റെ നിലപാടിനെ കോടതി നേരത്തെ തന്നെ കടുത്ത ആശങ്കയോടെയാണ് വീക്ഷിച്ചത്.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സുപ്രീം കോടതിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഭരണഘടനാ ബെഞ്ചിന്റെയും നിർദേശങ്ങൾ മുംബൈ പൊലീസ് പൂർണ്ണമായും ലംഘിച്ചതായി സതീഷ് സാലിയന്റെ അഭിഭാഷകൻ നീലേഷ് ഓജ ആരോപിച്ചു. കേസിന് പിന്നിൽ സ്വാധീനമുള്ള ചില പ്രമുഖ വ്യക്തികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമുണ്ടെന്നും ഇതിനാവശ്യമായ വ്യക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ജൂൺ എട്ടിനാണ് ദിഷ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് തൊട്ടുപിന്നാലെ, ജൂൺ 14-നാണ് സുശാന്ത് സിങ് രാജ്പുതിനെയും മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരു മരണങ്ങളും തമ്മിലുള്ള ബന്ധവും തുടർന്നുള്ള അന്വേഷണത്തിലെ അപകാതകളും ഏറെ വിവാദമായിരുന്നു. ഹൈക്കോടതി ഉത്തരവോടെ സിബിഐ കേസ് ഏറ്റെടുക്കുമ്പോൾ, വർഷങ്ങളായി നിലനിൽക്കുന്ന ദൂരൂഹതകളുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.