കിലുക്കം, നരസിംഹം, സ്ഫടികം സിനിമകളുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്; വി.വി രാധാകൃഷ്ണൻ അന്തരിച്ചു

','

' ); } ?>

മലയാള ചലച്ചിത്രരംഗത്ത് അഞ്ചു പതിറ്റാണ്ടോളമായി സജീവമായിരുന്ന മുതിർന്ന പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി.വി. രാധാകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. കൊടുങ്ങല്ലൂർ മേത്തല വാഴൂർ കുടുംബാംഗമാണ്. നൂറിലധികം ചിത്രങ്ങളുടെ അണിയറ നിർമാണ നിർവഹണത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

‘കിലുക്കം’, ‘സ്ഫടികം’, ‘ആറാം തമ്പുരാൻ’, ‘നരസിംഹം’, ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ തുടങ്ങി മലയാള സിനിമയിലെ നിരവധി എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാണ സഹായ രംഗത്ത് അദ്ദേഹം പ്രവർത്തിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ ആണ് അവസാനമായി പ്രവർത്തിച്ച ചിത്രം.

ഐ.വി. ശശി, പ്രിയദർശൻ, ഷാജി കൈലാസ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിലും സുരേഷ് ബാലാജി, മേനകാ സുരേഷ് കുമാർ, ഗാന്ധിമതി ബാലൻ തുടങ്ങിയ പ്രശസ്ത നിർമാതാക്കൾക്കൊപ്പവും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മണി രാധാകൃഷ്ണൻ. മക്കൾ: ലക്കി കണ്ണൻ, ഹണി രാധാകൃഷ്ണൻ (പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്, ചെന്നൈ). മരുമക്കൾ: കണ്ണൻ, ജ്യോഷിത.

വ്യാഴാഴ്ച ചെന്നൈ ഗെരുഗംബാക്കത്തെ വസതിയിലെ ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ടിന് വടപളനി എ.വി.എം. സ്റ്റുഡിയോക്ക് സമീപമുള്ള ശ്മശാന ഹാളിൽ പൊതുദർശനം നടക്കും. തുടർന്ന് വൈകീട്ട് മൂന്ന് മണിയോടെ സംസ്കാരം നടക്കും.