‘അന്ന’യിലെ നഷ്ടവസന്തം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെ തിരികെ; തരംഗമായി ‘യവനകഥയിൽ നിന്നും’

','

' ); } ?>

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം കുറിക്കുമ്പോൾ, പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു അപൂർവ പ്രണയഗാനമാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് പെട്ടിയിലൊതുങ്ങിപ്പോയ ‘അന്ന’ എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ ‘യവനകഥയിൽ നിന്നും’ എന്ന ഗാനത്തിനാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ ഇപ്പോൾ പുതിയ ജീവൻ ലഭിച്ചിരിക്കുന്നത്. കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ച ഈ മനോഹര ഗാനം സംഗീത പ്രേമികൾക്കിടയിലും സോഷ്യൽ മീഡിയയിലും വീണ്ടും ട്രെൻഡിംഗായി മാറിക്കഴിഞ്ഞു.

ജോഷിയുടെ സംവിധാനത്തിൽ അരവിന്ദ് സ്വാമിയും മീനയും പ്രധാന വേഷങ്ങളിൽ എത്താനിരുന്ന ‘അന്ന’യുടെ ചിത്രീകരണം മുടങ്ങിപ്പോയെങ്കിലും, ഓഡിയോ കാസറ്റുകളിലൂടെ ഈ ഗാനം അക്കാലത്ത് തന്നെ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ പഴയ ഗാനം, നിവിൻ പോളിയും മമിത ബൈജുവും അവതരിപ്പിക്കുന്ന ജസ്റ്റിൻ-ആഷ്ലി ജോഡികളുടെ പ്രണയരംഗങ്ങൾക്ക് പശ്ചാത്തലമായി ഗിരീഷ് എ.ഡി വീണ്ടും ഉപയോഗിക്കുകയായിരുന്നു.

വർഷങ്ങളായി നഷ്ടപ്പെട്ടുപോയെന്ന് കരുതിയ ഒരു സൃഷ്ടി തിരികെ കിട്ടിയ സന്തോഷത്തിലാണ് സംഗീത സംവിധായകൻ ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും. കാണാതെപോയ കൊച്ചുമകനെ തിരികെ കിട്ടിയതുപോലെയുള്ള അനുഭവമാണിതെന്ന് ഔസേപ്പച്ചൻ പ്രതികരിച്ചു. ഒരുകാലത്ത് വലിയ പുരസ്കാരങ്ങൾ നേടിത്തരുമെന്ന് പ്രതീക്ഷിച്ച പാട്ട് വെളിച്ചം കാണാതെ പോയതിലെ സങ്കടം ഇരുവരും ഓർത്തെടുത്തു. ഹിന്ദു-ബ്രാഹ്മൺ യുവാവിന്റെയും ക്രിസ്ത്യൻ പെൺകുട്ടിയുടെയും പ്രണയപശ്ചാത്തലത്തിൽ തങ്ങൾ അന്ന് സൃഷ്ടിച്ച വരികളും ഈണവും, വർഷങ്ങൾക്കിപ്പുറം പുതിയ തലമുറ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് ഇരുവരും. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

നിവിൻ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമെന്ന അപൂർവ നേട്ടത്തിലേക്ക് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കുതിക്കുമ്പോൾ, ചിത്രത്തിന്റെ വലിയ വിജയത്തിന് കൂടുതൽ തിളക്കമേകുകയാണ് ‘യവനകഥയിൽ നിന്നും’ എന്ന ഗാനത്തിന്റെ ഈ അപ്രതീക്ഷിത തിരിച്ചുവരവ്.

ഔസേപ്പച്ചന്റെ വാക്കുകൾ;

”ഒരിക്കലും ഇത് വെളിച്ചം കാണുമെന്ന് കരുതിയിരുന്നില്ല. ആദ്യം കരുതിയത് ഈ പാട്ട് ഞങ്ങള്‍ക്ക് ഒരുപാട് സമ്മാനങ്ങള്‍ കൊണ്ടു തരുമെന്നായിരുന്നു. ഞാനും ഷിബുവും ചിത്രയടക്കം ഓരോ തവണ കാണുമ്പോഴും എന്തായി അന്നയിലെ പാട്ടെന്ന് ചോദിച്ചു. പിന്നെ കാണുമ്പോള്‍ ഇത് കയ്യില്‍ നിന്നും പോയി, നമുക്ക് ഇനി ഇതില്‍ നിന്നൊന്നും കിട്ടാനില്ല എന്നായി. ഞാനും ഷിബുവും ഇടയ്ക്ക് വിളിക്കുമ്പോള്‍ ഓ അതിലെ പാട്ട് എന്ന് പറയും. ആ സ്റ്റൈലില്‍ ഒരു പാട്ട് വേറെ ഉണ്ടാക്കാനും ഞങ്ങള്‍ മുതിര്‍ന്നില്ല. കാരണം അതേക്കുറിച്ച് ആലോചിക്കുന്നത് തന്നെ ഞങ്ങള്‍ക്ക് സങ്കടമായിരുന്നു. അങ്ങനെയിരിക്കുന്ന നേരത്താണ് കാണാതെ പോയ കൊച്ചുമകനെ തിരിച്ചു കിട്ടുന്നത്. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.” ഔസേപ്പച്ചൻ പറഞ്ഞു.

”രണ്ട് കാസ്റ്റില്‍ നിന്നുള്ളവരാണ്. അവന്‍ ഹിന്ദു-ബ്രാഹ്മിണ്‍ ബോയ് ആണ്. അവളാകട്ടെ പള്ളിയോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയും. ഞാന്‍ കിടന്ന കിടപ്പില്‍ സൈഡിലെ ഫോണ്‍ എടുത്തപ്പോള്‍ ഔസേപ്പാണ്. ഇയാള്‍ ആ ഫീലോടു കൂടി പാടിയപ്പോള്‍ പാതി ബോധത്തില്‍ കിടന്ന് തന്നെ ഞാന്‍ യവനകഥയില്‍ നിന്നും വന്ന ഇടയകന്യകേ എന്ന് പാടി” എന്ന് ഗാനം എഴുതിയ ഷിബു ചക്രവര്‍ത്തിയും ഓര്‍ക്കുന്നു.