
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മകൻ ഗൗതം ഘട്ടമനേനിയുടെ സിനിമ റേറ്റിങ്ങുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വൻ ചർച്ചയായിരിക്കുന്നത്. ചലച്ചിത്രപ്രേമികളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ലെറ്റർബോക്സ്ഡ്’ (Letterboxd) അക്കൗണ്ടിലൂടെയാണ് ഗൗതം വിവിധ ചിത്രങ്ങൾക്ക് നൽകിയ റേറ്റിങ്ങുകൾ പുറത്തുവന്നത്. ഗീതു മോഹൻദാസ്-യാഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്കി’ന് വെറും 0.5 റേറ്റിങ് നൽകിയതോടെയാണ് സംഭവം ആരാധകർക്കിടയിൽ തരംഗമായത്.
തന്റെ വ്യക്തിപരമായ ബന്ധങ്ങൾക്കോ സിനിമാ പാരമ്പര്യത്തിനോ ഇടനൽകാതെ തികച്ചും നിഷ്പക്ഷമായാണ് 20-കാരനായ ഗൗതമിന്റെ സിനിമാ ആസ്വാദനം. സിനിമകൾ കണ്ടുതീർക്കാനും അവയെ വിലയിരുത്താനും പ്രേക്ഷകർ ഉപയോഗിക്കുന്ന ലെറ്റർബോക്സ്ഡിൽ ‘സിനിമാ പ്രേമി’ എന്നാണ് ഗൗതം സ്വന്തം പ്രൊഫൈലിൽ വിശേഷിപ്പിച്ചിരിക്കുന്നത്. തെലുങ്ക് ഉൾപ്പെടെ വിവിധ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ള ഗൗതം, സ്വന്തം പിതാവിന്റെ ചിത്രങ്ങളെയും കണിശമായ വിമർശനത്തിന് വിധേയമാക്കിയിട്ടുണ്ട്.
മഹേഷ് ബാബുവിന്റെ കരിയറിലെ സൂപ്പർഹിറ്റായ ‘പോക്കിരി’ക്ക് 5 സ്റ്റാർ റേറ്റിങ് നൽകിയ ഗൗതം, എന്നാൽ അദ്ദേഹത്തിന്റെ തന്നെ മറ്റ് പ്രധാന ചിത്രങ്ങളായ ‘നിജം’, ‘വംശി’ എന്നിവയ്ക്ക് 2 സ്റ്റാർ മാത്രമാണ് നൽകിയത്. സിനിമകളെ മുൻവിധികളില്ലാതെ സമീപിക്കുന്ന ഗൗതമിന്റെ ഈ രീതിക്ക് ഒരു വിഭാഗം സിനിമാ പ്രേമികളിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും, മഹേഷ് ബാബുവിന്റെ ആരാധകർക്കിടയിൽ ഇത് വലിയ അമർഷത്തിനും രൂക്ഷമായ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.