
വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ തമിഴ് സിനിമയുടെ മുൻനിര നായകനിരയിലേക്ക് വളർന്ന നടൻ സൂരിയുടെ വികാരഭരിതമായ നിമിഷങ്ങൾക്ക് വേദിയായി അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘മണ്ടാടി’യുടെ പ്രൊമോഷൻ ചടങ്ങ്. സിനിമയിലേക്ക് എത്തും മുൻപുള്ള തന്റെ കഷ്ടപ്പാടുകളും അതിജീവനത്തിന്റെ കഥയും ഓർമ്മിപ്പിച്ചുകൊണ്ട് പ്രശസ്ത ഗാനരചയിതാവ് പാ വിജയ് ചൊല്ലിയ കവിത കേട്ടാണ് താരം വേദിയിൽ വെച്ച് കണ്ണീരണിഞ്ഞത്. സാധാരണക്കാരനായ ഒരാൾക്ക് നിശ്ചയദാർഢ്യമുണ്ടെങ്കിൽ സിനിമയിൽ പുതിയ ചരിത്രം കുറിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് സൂരിയെന്ന് പാ വിജയ് ചടങ്ങിൽ വ്യക്തമാക്കി.
തമിഴകത്തെ ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളായി മാറിയ സൂരിയുടേതായി രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ ‘മണ്ടാടി’ സെപ്റ്റംബർ 10-ന് തിയേറ്ററുകളിലെത്തും. പ്രമുഖ തെലുങ്ക് താരം സുഹാസിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായ ഇതിൽ മഹിമ നമ്പ്യാരാണ് മറ്റൊരു പ്രധാന വേഷത്തിൽ. കൂടാതെ, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ റോട്ടർഡാം ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത, നിവിൻ പോളിയും അഞ്ജലിയും ഒന്നിക്കുന്ന ‘ഏഴു കടൽ ഏഴു മലൈ’ ഒക്ടോബർ ഒന്നിന് പ്രേക്ഷകരിലേക്ക് എത്തും. വർഷങ്ങളോളം തമിഴിലെ അവിഭാജ്യ കോമഡി താരമായി നിന്ന സൂരി, 2023-ൽ വെട്രിമാരൻ ചിത്രം ‘വിടുതലൈ’യിലൂടെയാണ് നായകനായി ചുവടുമാറിയത്. തുടർന്ന് പുറത്തിറങ്ങിയ ‘ഗരുഡൻ’, ‘കൊട്ടൂക്കാളി’, കഴിഞ്ഞ വർഷത്തെ ‘മാമൻ’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് അദ്ദേഹം ഉയരുകയായിരുന്നു.
മധുര സ്വദേശിയായ രാമലക്ഷ്മണൻ മുത്തുച്ചാമി തേവർ എന്ന സൂരി, 1996-ൽ നടനാകുക എന്ന സ്വപ്നവുമായി ചെന്നൈയിൽ എത്തിയ കാലത്ത് ജീവിക്കാൻ വേണ്ടി കെട്ടിടങ്ങളിൽ കയറിൽ തൂങ്ങിക്കിടന്ന് പെയിന്റടിച്ച ഭൂതകാലം പാ വിജയ് തന്റെ കവിതയിലൂടെ ഓർമ്മിപ്പിച്ചു. പേര് പോലുമില്ലാത്ത ചെറിയ വേഷങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി വർഷങ്ങളോളം ജോലി ചെയ്ത ശേഷമാണ് 2009-ൽ ‘വെണ്ണിലാ കബഡി കുഴു’വിലെ ‘പൊറോട്ട സൂരി’യായി അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
“എല്ലാവരും സൂരിക്ക് പൂച്ചെണ്ടുകളും സമ്മാനങ്ങളും തരുമ്പോൾ അതിനേക്കാൾ വിലപ്പെട്ട ഒന്നായി നൽകാനാണ് ഞാൻ ഈ കവിതയെഴുതിയത്. ഇന്നലെ വരെ കാറ്റിൽ പറന്ന ഒരു കടലാസ് കഷ്ണം പോലെയായിരുന്ന നിന്നെ ഇന്നിതാ സിനിമ തോളിലേറ്റി ഉച്ചകോടിയിൽ എത്തിച്ചിരിക്കുന്നു. എന്റെ സുഹൃത്തേ, വിജയത്തിന്റെ കൊടുമുടികൾ കീഴടക്കൂ, നീ നീണാൾ വാഴട്ടെ,” എന്ന പാ വിജയിയുടെ വാക്കുകൾ കേട്ട് വിങ്ങിപ്പൊട്ടിയ സൂരി, എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെയാണ് ഈ ആദരവ് ഏറ്റുവാങ്ങിയത്.