
അഭിനയരംഗത്ത് 20 വർഷം പൂർത്തിയാക്കുന്ന വേളയിൽ, താരസംഘടനയായ ‘അമ്മ’യിലേക്കുള്ള മടങ്ങിപ്പോക്ക് പൂർണ്ണമായും അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. തനിക്ക് സ്വയം സംരക്ഷണമാണ് (സെൽഫ് പ്രിസർവേഷൻ) പ്രധാനമെന്നും, ഊർജ്ജവും ബുദ്ധിവൈഭവവും എവിടെ വിനിയോഗിക്കണമെന്ന കാര്യത്തിൽ കൃത്യമായ വ്യക്തതയുണ്ടെന്നും മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ താരം തുറന്നടിച്ചു. താൻ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കവേയാണ് നടി നിലപാടുകൾ വ്യക്തമാക്കിയത്.
ഏത് ഭരണകൂടം വന്നാലും വാഗ്ദാനങ്ങൾ നൽകുമെങ്കിലും വാക്കുകളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് പാർവതി പറഞ്ഞു. സർക്കാരിന്റെ നിയമങ്ങളും നയങ്ങളും ആളുകളുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്ന് കാണാതെ കാര്യങ്ങൾ വിശ്വസിക്കില്ലെന്നും, എങ്കിലും ഭരണകൂടത്തിലുള്ള പ്രതീക്ഷ കൈവിടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ സെപ്റ്റംബർ 11-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ സിനിമകൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ്. പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.
തമിഴ് നടൻ പാർഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ എന്നിവരടങ്ങുന്ന വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബെംഗളൂരു, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന് റോബി രാജ് ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു.