
ബോക്‌സ് ഓഫീസില്‍ തരംഗമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ വൈകാരിക രംഗത്തെക്കുറിച്ച് മനസ് തുറന്ന് സംവിധായകൻ ഗിരീഷ് എ.ഡി. തിയേറ്ററുകളിൽ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ കരച്ചിൽ രംഗം ഷൂട്ട് ചെയ്ത സമയത്ത് തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ലെന്ന് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗിരീഷ് വെളിപ്പെടുത്തി.
തിരക്കഥയിൽ കഥാപാത്രം കരയണമെന്ന് മാത്രമാണ് എഴുതിയിരുന്നതെന്നും, എങ്ങനെയുള്ള കരച്ചിലാണെന്ന് നിർബന്ധം പിടിച്ചിരുന്നില്ലെന്നും സംവിധായകൻ പറയുന്നു. എടാ ജസ്റ്റ് കരഞ്ഞാൽ പോരേ എന്ന നിവിന്റെ ചോദ്യത്തിന്, ചേട്ടൻ ചെയ്യൂ നമുക്ക് നോക്കാമെന്നാണ് താൻ മറുപടി നൽകിയത്. തുടർന്ന് നിവിൻ അത് മനോഹരമായി ചെയ്തുവെങ്കിലും എഡിറ്റിങ് ടേബിളിൽ പശ്ചാത്തല സംഗീതവും കഥാപാത്രങ്ങളെ ഐസൊലേറ്റ് ചെയ്തുള്ള ഫ്രെയിമിങും വന്നപ്പോഴാണ് ആ രംഗത്തിന്റെ യഥാർത്ഥ തീവ്രത പുറത്തുവന്നത്. ഷൂട്ടിങ് സമയത്ത് കോമഡി രംഗങ്ങൾ വർക്കാകുന്നത് പെട്ടെന്ന് മനസിലാകുമെങ്കിലും, ഇത്തരത്തിലുള്ള ഇമോഷണൽ സീനുകളുടെ ഫീൽ എഡിറ്റിങ്ങിന് ശേഷമേ വ്യക്തമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വെറും ആറ് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. കോമഡി രംഗങ്ങളിൽ പൊട്ടിച്ചിരിപ്പിക്കുന്നതിനൊപ്പം തന്നെ കണ്ണുനനയിക്കുന്ന പ്രകടനവുമാണ് ചിത്രത്തിൽ നിവിൻ കാഴ്ചവെച്ചിരിക്കുന്നത്. നിവിന്റെ കരിയറിലെ രണ്ടാമത്തെ 100 കോടി ചിത്രമാണിത്.
ഗിരീഷ് എ ഡിയുടെ വാക്കുകൾ;
‘പുള്ളി കരയണം. കരയുന്നു എന്നാണ് തിരക്കഥയിലുള്ളത്. എങ്ങനെ കരയണമെന്നില്ലായിരുന്നു. പല തരത്തിലുള്ള കരച്ചിലുകളുണ്ടല്ലോ. വാവിട്ട് കരയാം, സിനിമ കരച്ചില്‍ കരയാം. ചേട്ടാ ഇങ്ങനെ തന്നെ കരയണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ചേട്ടാ കരയണം എന്നേ പറഞ്ഞുള്ളൂ. എടാ ജസ്റ്റ് കരഞ്ഞാ പോരെ എന്ന് ചോദിച്ചു. ചേട്ടന്‍ കരയൂ, നമുക്ക് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. പുള്ളി ഒരു സാധനം ഇട്ടു. കരഞ്ഞു. എനിക്ക് ഒക്കെയായിരുന്നു. പക്ഷെ അന്നേരം നമുക്ക് ഒന്നും തോന്നിയിരുന്നില്ല. സീന്‍ എടുത്തു, ഒക്കെ.
‘എഡിറ്റ് ചെയ്തപ്പോള്‍, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ വലിച്ചിട്ടു. പിന്നെ അത് ഫ്രെയിം ചെയ്തിരിക്കുന്നതും അങ്ങനെയാണ്. അവരെ രണ്ട് പേരേയും ഐസൊലേറ്റ് ചെയ്‌തൊക്കെയാണ് ഫ്രെയിം വച്ചിരിക്കുന്നത്. അത് കണ്ടപ്പോള്‍ ആ കരച്ചിലില്‍ ഭയങ്കര ഫീല്‍ വന്നു. പുള്ളിയോട് നമ്മള്‍ ഭയങ്കരമായി സിമ്പതൈസ് ചെയ്യാന്‍ തുടങ്ങി. ഷൂട്ട് ചെയ്യുമ്പോള്‍ ഇതൊന്നും ഫീല്‍ ചെയ്യുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ചില കോമഡികളൊക്കെ ചിലപ്പോള്‍ വര്‍ക്കാകുമെന്ന് മനസിലാകും. പക്ഷെ ഇതിന്റെ ഫീല്‍ എങ്ങനെയാണെന്ന് അപ്പോള്‍ അറിയാന്‍ പറ്റില്ല.” എന്നും ഗിരീഷ് എഡി പറയുന്നു.