
മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ കെ.എസ്. ചിത്രയുടെ കാരുണ്യം തുളുമ്പുന്ന ശബ്ദത്തിന് കേവലം ആസ്വാദനത്തിനപ്പുറം ജീവൻ നിലനിർത്താനുള്ള ശേഷിയുമുണ്ടെന്ന് തെളിയിക്കുന്ന അനുഭവങ്ങൾ പുറത്തുവരുന്നു. തൻ്റെ ഗാനങ്ങൾ കേട്ട് ആത്മഹത്യയിൽ നിന്നും പിന്തിരിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ രണ്ടുപേരുടെ വികാരനിർഭരമായ കഥകളാണ് ഗായിക കെ.എസ്. ചിത്ര വെളിപ്പെടുത്തിയത്. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഈ അപൂർവ്വ അനുഭവങ്ങൾ പങ്കുവെച്ചത്.
തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപം നടന്ന ഒരു സംഗീത പരിപാടിക്കിടെയുണ്ടായ സംഭവമാണ് ഇതിലൊന്ന്. പരിപാടി കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവെ, കരഞ്ഞുകൊണ്ട് ഒരാൾ ചിത്രയുടെ മുന്നിലെത്തുകയായിരുന്നു. ജീവിതത്തിലെ കടുത്ത പ്രതിസന്ധികൾ കാരണം ജീവനൊടുക്കാൻ തുനിഞ്ഞ നിമിഷത്തിൽ, അയൽപക്കത്ത് നിന്നും കേട്ട ‘ഒവ്വൊരു പൂക്കളുമേ’ എന്ന ഗാനമാണ് അയാളെ മരണത്തിൽ നിന്ന് തിരികെ വിളിച്ചത്. പാട്ടിലെ വരികൾ നൽകിയ ആത്മവിശ്വാസത്തിൽ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും മുഖം മനസ്സിലേക്ക് വരികയും, ജീവിക്കണമെന്ന ഉറച്ച തീരുമാനത്തിലേക്ക് അയാൾ എത്തുകയുമായിരുന്നു. “ഞാനിന്ന് ജീവിച്ചിരിക്കുന്നത് നിങ്ങളാലാണ്” എന്ന് പറഞ്ഞ് അന്ന് അയാൾ തൻ്റെ പാദങ്ങളിൽ തൊട്ട് വന്ദിച്ച നിമിഷം വലിയൊരു അത്ഭുതമായിരുന്നുവെന്ന് ചിത്ര ഓർക്കുന്നു.
സമാനമായ മറ്റൊരു അനുഭവം പ്രവാസലോകത്തു നിന്നുമുണ്ടായി. ദുബായിൽ വെച്ച് കാറിനുള്ളിൽ ഗ്യാസ് സിലിണ്ടർ വെച്ച് ജീവനൊടുക്കാൻ തുനിഞ്ഞ ഒരാൾ, റേഡിയോയിൽ കേട്ട ‘രാജഹംസമേ’ എന്ന വിഖ്യാത ഗാനം കേട്ടാണ് മനസ്സ് മാറി ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്മാറിയത്.
ഒരു പാട്ടിന് മനുഷ്യരുടെ മനസ്സിനെ ഇത്രത്തോളം സ്വാധീനിക്കാൻ കഴിയുമോ എന്ന് താൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് ചിത്ര പറയുന്നു. നമ്മൾ പോലും അറിയാതെ ചില മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തന്റെ സംഗീതത്തിന് സാധിച്ചു എന്നറിയുന്നത് വലിയ സന്തോഷവും നിറവും നൽകുന്ന ഒന്നാണെന്നും ഗായിക കൂട്ടിച്ചേർത്തു.
ചിത്രയുടെ വാക്കുകൾ;
”മധുരയ്ക്ക് അടുത്തൊരു പരിപാടിയ്ക്ക് പോയിരുന്നു. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരാള്‍ എന്റെ മുന്നില്‍ വന്ന് നിന്ന് കരയുകയായിരുന്നു. എന്നിട്ട് എന്റെ കയ്യില്‍ പിടിച്ചു. എല്ലാവരും അയാളെ തള്ളി മാറ്റാന്‍ നോക്കി. ഞാന്‍ ഒരു മിനിറ്റൊന്ന് നില്ക്കൂ, അദ്ദേഹത്തിന് എന്തോ പറയാനുണ്ടെന്ന് പറഞ്ഞു. കരച്ചില് കണ്ടപ്പോള്‍ എനിക്ക് ഭയങ്കര വിഷമമായി. അമ്മാ, ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത് നിങ്ങള്‍ കാരണമാണ് എന്ന് അയാള്‍ പറഞ്ഞു.
ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകളുണ്ടായി. ഇനി ജീവിക്കണ്ട എന്ന തീരുമാനത്തില്‍ തൂങ്ങാന്‍ കയറി നില്ക്കുമ്പോള് അടുത്ത വീട്ടില്‍ നിന്നും ഒവ്വൊരു പൂക്കളുമേ എന്ന പാട്ട് കേട്ടു. എന്നെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി ആരോ ആ പാട്ട് വെച്ചതാണെന്ന് തോന്നി എന്നും അയാള്‍ പറഞ്ഞു. ആ പാട്ടിലെ വരികള്‍ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്നതാണ്. ആ പാട്ടുകേട്ടപ്പോള്‍ അമ്മയുടേയും അച്ഛന്റേയും കുടുംബത്തിന്റേയും മുഖം മനസിലേക്ക് വന്നു. ജീവിതം ഇങ്ങനെ തീര്‍ക്കരുത്, ജീവിക്കണം എന്ന തീരുമാനം എടുക്കുകയായിരുന്നു. ഇന്ന് നന്നായിരിക്കുന്നുവെന്ന് പറഞ്ഞ് എന്റെ കാല് തൊട്ടിട്ട് പോയി.
അത് എനിക്ക് ഭയങ്കര അത്ഭുതമായി. പാട്ട് കേട്ടൊക്കെ ആളുകള്‍ മാറുമോ എന്ന് ഞാന്‍ ആലോചിച്ചു. ഇതുപോലെ ദുബായിയില്‍ ഒരാള്‍ കാറിന്റെ പുറകില്‍ ഗ്യാസ് കുറ്റിയൊക്കെ വച്ച് വണ്ടിയോടിച്ച് പോയി ആത്മഹത്യ ചെയ്യാന്‍ പോകുമ്പോള്‍ രാജഹംസമേ എന്ന പാട്ട് കേട്ടു. അതോടെ തീരുമാനം മാറ്റി. നമ്മള് പോലും അറിയാതെ ആളുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചുവെന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്.”