
വിവാഹ ബന്ധം വേർപെടുത്തിയെന്ന് സ്ഥിരീകരിച്ച് അവതാരകനും നടനുമായ ജീവ. വിവാഹ വാർഷിക ദിനത്തിൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ജീവ തന്നെയാണ് വേർപിരിയൽ വിവരം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കാണ് ഇതിലൂടെ വിരാമമായത്. പതിനൊന്നു വർഷം നീണ്ട ദാമ്പത്യജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്.
പരസ്പര ധാരണയോടെയും പക്വതയോടെയുമാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ജീവ വ്യക്തമാക്കി. തങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിന്ന ആരാധകരോട് ഈ കാര്യം നേരിട്ട് വെളിപ്പെടുത്താൻ കടമയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ താരം, ഇനി മുതൽ ‘ഞങ്ങൾ’ എന്നതിന് പകരം ജീവ, അപർണ എന്നീ രണ്ടു വ്യക്തികളായിട്ടായിരിക്കും അറിയപ്പെടുകയെന്നും കുറിച്ചു.
വേർപിരിയലിന് പിന്നിലെ കാരണങ്ങൾ പൂർണ്ണമായും വ്യക്തിപരമാണ്. രണ്ടുപേരുടെയും വഴികൾ ഇനി വേറെയാണെന്നും, ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുന്നുവെന്നും ജീവ വ്യക്തമാക്കുന്നു. പ്രയാസകരമായ ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും നടൻ കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
ജീവയുടെ വാക്കുകൾ;
“പ്രിയപ്പെട്ടവരെ, ഇതൊട്ടും എളുപ്പമുള്ള ഒരു കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. കാരണം എന്റെ കരിയറിലും സന്തോഷത്തിലും സങ്കടങ്ങളിലും ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും നിങ്ങൾ എന്റെ യാത്രയുടെ ഭാഗമായിരുന്നു.
നിങ്ങളിൽ പലരും ഞങ്ങളെ ഒരു മികച്ച ജോഡിയായി ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇനി മുതൽ അത് ‘ഞങ്ങൾ’ അല്ല; കേവലം ജീവ എന്നും അപർണ എന്നും രണ്ടു പേർ മാത്രമാണ്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ ഞങ്ങൾക്ക് പിഴച്ചു, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ രണ്ടു പേരും തിരിച്ചറിയുകയും അത് സ്വീകരിക്കുകയും ചെയ്യുന്നു.
അതിനാലാണ് വെവ്വേറെ വഴികളിലൂടെ സഞ്ചരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇതിന് പിന്നിലെ കാരണങ്ങൾ പൂർണമായും തികച്ചും വ്യക്തിപരമാണ്. ഞങ്ങൾ വളരെ പക്വതയോടെ കൈക്കൊണ്ട ഈ തീരുമാനത്തെ നിങ്ങളും അതേ പക്വതയോടെ ഉൾക്കൊള്ളുമെന്ന് കരുതുന്നു.
ഇത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അതിനാൽ ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളെ മനസിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു. പറയാറുള്ളതു പോലെ, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്… ഞാനതിൽ വിശ്വസിക്കുന്നു.”