
റീ റിലീസിനൊരുങ്ങി മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ‘ചന്ദ്രോത്സവം’. 4K ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. റീ റിലീസിന് മുന്നോടിയായുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിട്ടുണ്ട്. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ബിഗ് സ്ക്രീനുകളിൽ തിരികെയെത്തിക്കുന്നത്.
2005 ഏപ്രിൽ 14-ന് വിഷു ചിത്രമായാണ് ‘ചന്ദ്രോത്സവം’ ആദ്യമായി പ്രേക്ഷകരിലേക്ക് എത്തിയത്. ശ്രീഹരി എന്ന കഥാപാത്രത്തിന്റെ പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളും പ്രമേയമാക്കിയ ചിത്രത്തിൽ ഇന്ദുലേഖയായി മീനയാണ് വേഷമിട്ടത്. ഖുശ്ബു, സംവൃത സുനിൽ, ജഗദീഷ്, കൊച്ചിൻ ഹനീഫ, ജയകൃഷ്ണൻ, സംഗീതസംവിധായകൻ വി. ദക്ഷിണാമൂർത്തി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണം പകർന്ന ചിത്രത്തിലെ ഗാനങ്ങൾ ഇന്നും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ടവയാണ്. ഹൈ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ 4K ദൃശ്യ മികവിലേക്കും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികത്വത്തിലേക്കുമുള്ള റീമാസ്റ്ററിംഗ് നിർവ്വഹിച്ചിരിക്കുന്നത്.
ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമ്മകളാണ്. ആ പ്രിയപ്പെട്ട കഥാപാത്രങ്ങളെയും നിമിഷങ്ങളെയും പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്.
രാജശ്രീ സന്തോഷ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന് അളഗപ്പൻ എൻ ഛായാഗ്രഹണവും എൽ. ഭൂമിനാഥൻ എഡിറ്റിംഗും നിർവ്വഹിച്ചു. സുരേഷ് കൊല്ലം (കലാസംവിധാനം), ആന്റോ ജോസഫ് (പ്രൊഡക്ഷൻ കൺട്രോളർ), പി.വി. ശങ്കർ (മേക്കപ്പ്), വേലായുധൻ കീഴില്ലം (വസ്ത്രാലങ്കാരം), ത്യാഗരാജൻ (കൊറിയോഗ്രഫി), എം. പത്മകുമാർ (അസോസിയേറ്റ് ഡയറക്ടർ) എന്നിവരും അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷാൻ ആഷിഫ് കളറിംഗും ഹരി നാരായണൻ അറ്റ്മോസ് മിക്സിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ പി.ആർ.ഒ പി. ശിവപ്രസാദ്, മനു ശിവൻ എന്നിവരാണ്.