
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരക ജോഡികളായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നുവെന്ന വാർത്തകൾക്ക് ബലമേകി അപർണയുടെ സോഷ്യൽ മീഡിയ കുറിപ്പ്. അപർണയുടെ മുപ്പത്തിരണ്ടാം ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച പോസ്റ്റും അതിന് താഴെ വന്ന കമന്റുകൾക്ക് താരം നൽകിയ പ്രതികരണവുമാണ് ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തെക്കുറിച്ചും ഒറ്റയ്ക്കുള്ള യാത്രയെക്കുറിച്ചും സൂചിപ്പിക്കുന്നതായിരുന്നു താരത്തിന്റെ പിറന്നാൾ സന്ദേശം. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും വർഷമായിരുന്നു കടന്നുപോയതെന്നും ഇനി മുന്നോട്ടുള്ള യാത്ര കൂടുതൽ ഉയരങ്ങളിലേക്ക് തികച്ചും ഒറ്റയ്ക്കായിരിക്കുമെന്നും അപർണ കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിനു പിന്നാലെ, “നാളെ നിങ്ങളുടെ വിവാഹവാർഷികമല്ലേ” എന്ന് ചോദിച്ച ആരാധകന് “അതൊക്കെ പണ്ട്” എന്ന് അപർണ നൽകിയ മറുപടിയാണ് വേർപിരിയൽ അഭ്യൂഹങ്ങൾ ശരിവെക്കുന്ന തരത്തിൽ പ്രചരിക്കുന്നത്.
‘‘ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊർജം കാത്തുസൂക്ഷിക്കാനും, തുടർന്നും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. ഇനിയും മുന്നോട്ട്, കൂടുതൽ ഉയരങ്ങളിലേക്ക്, അതും തികച്ചും ഒറ്റയ്ക്ക്.’’ എന്നായിരുന്നു അപർണയുടെ പിറന്നാൾ കുറിപ്പ്.
‘‘ഇത് കേൾക്കുമ്പോൾ വളരെ സങ്കടമുണ്ട്. നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. നിങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം സംസാരിച്ച് തീർക്കാവുന്ന പ്രശ്നമേ ഉള്ളൂവെങ്കിൽ, ദയവായി അത് സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. വേർപിരിയാതിരിക്കാൻ നോക്കുക. ഒപ്പം എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.’’
കുറെക്കാലമായി ഇരുവരും അകൽച്ചയിലാണെന്നും പിരിഞ്ഞാണ് താമസിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെ എത്തിയ അപർണയുടെ പരസ്യ പ്രതികരണം ആരാധകരെ ഏറെ സങ്കടത്തിലാക്കിയിട്ടുണ്ട്. പരസ്പരം സംസാരിച്ചു തീർക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂവെങ്കിൽ ദയവായി അത് പരിഹരിച്ച് ഒന്നിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.
2015 ഓഗസ്റ്റ് 24-നായിരുന്നു ജീവയുടെയും അപർണയുടെയും വിവാഹം. ക്യാബിൻ ക്രൂ ജോലി ഉപേക്ഷിച്ച് മോഡലിംഗിലും യുട്യൂബിലും പ്രമോഷനുകളിലും സജീവമായ അപർണയും, മലയാളത്തിലെ ജനപ്രിയ അവതാരകനും അഭിനേതാവുമായ ജീവയും മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങിയവരാണ്. എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ ജീവയോ അപർണയോ ഇതുവരെ ഔദ്യോഗികമായി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.