
തെന്നിന്ത്യൻ സിനിമാലോകത്ത് ഒരുകാലത്ത് തരംഗമായിരുന്ന നടി നമിത, ഗാനരംഗങ്ങളുടെ ചിത്രീകരണത്തിനിടെ താൻ നേരിട്ട കടുത്ത ശാരീരിക വെല്ലുവിളികളെക്കുറിച്ച് തുറന്നുപറയുന്നു. ആർത്തവവേദനയും സൂര്യാഘാതവും സഹിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിൽ നൃത്തം ചെയ്യേണ്ടിവന്നതും സെറ്റിൽ കുഴഞ്ഞുവീണതുമായ അനുഭവങ്ങളാണ് താരം വെളിപ്പെടുത്തിയത്.
‘നാൻ അവനില്ലൈ’ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ ‘മച്ചാ കണ്ണീ…’ എന്ന പാട്ടിന്റെ ചിത്രീകരണ വേളയിലായിരുന്നു നടിയെ ഏറെ തളർത്തിയ സംഭവങ്ങളിലൊന്ന് നടന്നത്. കടുത്ത ചൂടുള്ള മരുഭൂമിയിലായിരുന്നു ഷൂട്ടിംഗ്. ആർത്തവത്തിന്റെ ആദ്യദിനത്തിലെ കടുത്ത വയറുവേദനയും തലവേദനയും സൂര്യാഘാതവും ഒരുമിച്ച് അലട്ടിയതോടെ, രണ്ടു മണിക്കൂർ നൃത്തം ചെയ്തപ്പോഴേക്കും താരം സെറ്റിൽ ബോധരഹിതയായി വീഴുകയായിരുന്നു. തുടർന്ന് അണിയറപ്രവർത്തകർ നൽകിയ പെയിൻ കില്ലറുകൾ കഴിക്കുകയും എസി ടെന്റിൽ വിശ്രമിക്കുകയും ചെയ്ത ശേഷമാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എന്നാൽ സ്ക്രീനിൽ ഈ ബുദ്ധിമുട്ടുകളൊന്നും പുറത്തറിയിക്കാതെയാണ് താരം രംഗങ്ങൾ പൂർത്തിയാക്കിയത്.
ഇത്തരം അടിയന്തര സാഹചര്യങ്ങൾ തന്റെ കരിയറിൽ മുൻപും ഉണ്ടായിട്ടുണ്ടെന്ന് നമിത വ്യക്തമാക്കുന്നു. നടൻ ശരത് കുമാറുമൊന്നിച്ചുള്ള ഒരു സിനിമയുടെ ഗാനരംഗീകരണത്തിനിടെ കടുത്ത രക്തസ്രാവവും വേദനയും കാരണം ബോധംകെട്ടു വീണതിനെത്തുടർന്ന് വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയുണ്ടായി. ചികിത്സയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രീകരണത്തിനായി താരം തിരിച്ചെത്തുകയായിരുന്നു.
പ്രായം മുപ്പത് പിന്നിട്ടതോടെ ഇത്തരം ശാരീരിക അസ്വസ്ഥതകളിൽ മാറ്റമുണ്ടായതായും നമിത വ്യക്തമാക്കുന്നു. മുൻപ് ആദ്യ ദിനങ്ങളിൽ കടുത്ത വേദനയും അമിത രക്തസ്രാവവും കാരണം പെയിൻ കില്ലറുകളെ സ്ഥിരമായി ആശ്രയിക്കേണ്ടി വന്നിരുന്നെങ്കിൽ, ഇപ്പോൾ ബുദ്ധിമുട്ടുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും ആർത്തവത്തിന്റെ ആദ്യദിനം പൂർണ വിശ്രമം അത്യാവശ്യമാണെന്ന നിലപാടിലാണ് താരം ഇപ്പോൾ.