
അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സന്ദർശിച്ച് മലയാളികളുടെ പ്രിയനടി കാർത്തിക. ഭർത്താവ് ഡോ. സുനിലിനൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് താരം കൊച്ചിൻ ഹനീഫയുടെ ഭാര്യയും മക്കളും നിർമിച്ച പുതിയ വീടായ ‘ഹനീഫാസ് എ.ബി മൻസിലിൽ’ എത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം ഒരു മണിക്കൂറോളം സമയം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
കൊച്ചിൻ ഹനീഫയുടെ വേർപാടിനുശേഷവും അദ്ദേഹത്തിന്റെ കുടുംബവുമായി ആത്മബന്ധം പുലർത്തുന്ന കാർത്തികയുടെ സന്ദർശന ദൃശ്യങ്ങൾ ഹനീഫയുടെ ഭാര്യാസഹോദരൻ ഫിറോസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആവേശത്തോടെ പുതിയ വീട് നടന്നു കാണുകയും ഹനീഫയുടെ മക്കളെ ചേർത്തണയ്ക്കുകയും ചെയ്യുന്ന കാർത്തികയെ വീഡിയോയിൽ കാണാം.
1985 മുതൽ നാല് വർഷം മാത്രമാണ് അഭിനയരംഗത്ത് സജീവമായിരുന്നതെങ്കിലും അതിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടാൻ കാർത്തികയ്ക്ക് സാധിച്ചിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം വൻ വിജയങ്ങളായെങ്കിലും കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി താരം സിനിമയിൽ നിന്നോ പൊതുവേദികളിൽ നിന്നോ അകന്നുനിൽക്കുകയാണ്. ഈ സാഹചര്യത്തിലും തങ്ങളുടെ കുടുംബത്തിന് നൽകുന്ന സ്നേഹവും പിന്തുണയും വാക്കുകൾക്ക് അതീതമാണെന്ന് ഫിറോസ് കുറിച്ചു. ജീവിതത്തിൽ ഒരിക്കലും തോറ്റുപോകാത്ത ഈ കുടുംബത്തിന് പരമാവധി മോട്ടിവേഷനും സ്നേഹവും പകർന്നു നൽകിയ ഒരു മണിക്കൂറായിരുന്നു അതെന്നും, മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായികയെ വീണ്ടും കണ്ടതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.