
മിശ്രവിവാഹത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി നടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ്. രണ്ട് വ്യക്തികൾക്ക് ഒന്നിക്കാൻ ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും, ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തോടെ യാതൊരു ഭയവുമില്ലാതെ ഇനിയും ജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിത്യ സോളമനുമായുള്ള വിവാഹവിവരം പുറത്തുവന്നതിന് പിന്നാലെ ഉയർന്ന സൈബർ ആക്രമണങ്ങളോടായിരുന്നു താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ ഇരുവരും വിവാഹിതരായത്. വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുള്ള ഇരുവരും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വ്യക്തിത്വവും വിശ്വാസവും സംരക്ഷിച്ചുകൊണ്ടാണ് ഒന്നിച്ചത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ആശംസകളുമായി എത്തിയെങ്കിലും, വലിയൊരു വിഭാഗം വിദ്വേഷ സന്ദേശങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഷേർഷാ തന്റെ നിലപാട് തുറന്നടിച്ചത്.
പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന സമൂഹമല്ല, മറിച്ച് സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന സമൂഹമാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. മറ്റൊരാളുടെ വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാൻ കഴിയുന്ന മനസ്സുകൂടിയാണ് യഥാർത്ഥ സ്വാതന്ത്ര്യം. അന്യരുടെ ജീവിതം കണ്ട് അസ്വസ്ഥരാകുന്നവരോട്, അവരുടെ അസ്വസ്ഥതകളല്ല ഇവിടുത്തെ നിയമമെന്നും മുൻവിധികളല്ല സദാചാരമെന്നും താരം ഓർമ്മിപ്പിച്ചു. ഇത്തരം വെറുപ്പുകൾക്ക് തങ്ങളുടെ ജീവിതത്തിൽ യാതൊരു വീറ്റോ അധികാരവുമില്ലെന്നും, വിദ്വേഷം വിളമ്പാൻ വരുന്നവർ അത് സ്വയം ഇലയിട്ട് തിന്ന് തൃപ്തിപ്പെടട്ടെയെന്നും അദ്ദേഹം കുറിച്ചു.
ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘അതിരടി’ എന്ന ചിത്രത്തിലെ ആൽഫാ മെയിൽ വിവി എന്ന കഥാപാത്രത്തിലൂടെയാണ് ഷേർഷാ ഷെരീഫ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധേയനാകുന്നത്. ഗൗരി ജി. കിഷൻ നായികയായ ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും ഇതിലെ നായകനും ഷേർഷാ തന്നെയായിരുന്നു. ഹൃദയം, നിഴൽ, ബാഡ് ബോയ്സ്, മൂൺവാക്ക്, മധുവിധു തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ ആണ് ഷേർഷായുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.