
സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചും ചലച്ചിത്ര അക്കാദമിയുടെയും ഐ.എഫ്.എഫ്.കെയുടെയും പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചും മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഫിലിം സൊസൈറ്റി അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി മണിക്കൂറുകളോളം വൈകിയെത്തിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരിപാടിയിൽ രണ്ട് മണിക്കൂർ പിന്നിട്ടിട്ടും മന്ത്രി എത്തിയിരുന്നില്ല. തുടർന്ന് വേദിയിൽ പ്രതികരിക്കാതെ കാത്തിരുന്ന അടൂർ, മന്ത്രിയെത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് തന്റെ കടുത്ത നീരസം തുറന്നടിച്ചത്. മന്ത്രിമാർക്ക് വലിയ തിരക്കുകളുണ്ടാകാമെന്നും എന്നാൽ തങ്ങൾക്കും ചെറിയ തിരക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപ് മറ്റൊരു സാംസ്കാരിക മന്ത്രി ചർച്ചയ്ക്ക് വിളിച്ച് ഒന്നര മണിക്കൂറോളം കാത്തിരിപ്പിച്ച അനുഭവമുണ്ടെന്നും, അന്ന് മുതൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ പോകേണ്ടതില്ലെന്ന് താൻ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മന്ത്രി വൈകിയതോടെ വേദി വിട്ടുപോകാൻ ആലോചിച്ചിരുന്നെങ്കിലും കൂടുതൽ അനിഷ്ടങ്ങൾ ഒഴിവാക്കാനാണ് കാത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പിന്നാലെ ഐ.എഫ്.എഫ്.കെയുടെ നിലവിലെ നടത്തിപ്പിലുള്ള കടുത്ത ആശങ്കയും അദ്ദേഹം വേദിയിൽ പങ്കുവെച്ചു. രാജ്യാന്തര തലത്തിൽ മേളയ്ക്ക് ഇതുവരെ ഒരു അംഗീകാരവും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ആരെയെങ്കിലും കൊണ്ടുവന്ന് ജൂറിയാക്കുകയല്ല, മറിച്ച് മികച്ച അന്താരാഷ്ട്ര ജൂറിയെത്തന്നെ മേളയ്ക്ക് ആവശ്യമാണ്. ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമുള്ള ഒരാളെപ്പോലും സർക്കാർ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവരവും അനുഭവപരിചയവുമുള്ള ഒരാളായിരിക്കണം അക്കാദമി ചെയർമാൻ സ്ഥാനത്ത് വരേണ്ടതെന്നും അല്ലാത്തപക്ഷം അത് വലിയ പേരുദോഷമുണ്ടാക്കുമെന്നും അടൂർ മുന്നറിയിപ്പ് നൽകി. ഐ.എഫ്.എഫ്.കെയുടെ വെബ്സൈറ്റ് പോലും വളരെ ദയനീയമായ അവസ്ഥയിലാണുള്ളത്. ഈ മേഖലയോട് യാതൊരു താല്പര്യവുമില്ലാത്ത ആളുകൾ നേതൃത്വത്തിൽ ഇരിക്കുന്നതാണ് ഇതിന്റെ പ്രധാന പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വേദിയിൽ ഉന്നയിച്ച പ്രശ്നങ്ങളും വിയോജിപ്പുകളും മന്ത്രിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്ന് പരിപാടിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് യോഗ്യനായ ഒരാളുടെ പേര് സർക്കാരിന് നിർദ്ദേശിച്ചിട്ടുണ്ടെന്നും എന്നാൽ അത് ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.