
അർജുൻ സർജയെ കേന്ദ്രകഥാപാത്രമാക്കി സുബാഷ് കെ. രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ‘ബ്ലാസ്റ്റ്.’ ചിത്രം വൻ വ്യജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തൻ്റെ ആക്ഷൻ രംഗങ്ങളെക്കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് പ്രമുഖ നടി അഭിരാമി. ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണം ലഭിച്ചത് തമിഴ്നാട്ടിൽ നിന്നല്ല, മറിച്ച് കേരളത്തിൽ നിന്നാണെന്ന് അഭിരാമി വെളിപ്പെടുത്തി. തൻ്റെ പുതിയ ചിത്രമായ ‘ലോ ആൻഡ് ഓർഡറി’ന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വിശേഷങ്ങൾ പങ്കുവെച്ചത്.
ചിത്രത്തിൽ അർജുൻ സർജ, പ്രീതി മുകുന്ദൻ എന്നിവർക്കൊപ്പമാണ് അഭിരാമി പ്രധാന വേഷത്തിലെത്തിയത്. മുൻപ് കരാട്ടെ പഠിച്ചിട്ടില്ലാത്ത താൻ ഈ സിനിമയ്ക്ക് വേണ്ടിയാണ് ആക്ഷൻ രംഗങ്ങളിൽ പ്രത്യേക പരിശീലനം നേടിയതെന്ന് അഭിരാമി വ്യക്തമാക്കുന്നു. ആക്ഷൻ രംഗങ്ങൾ പൂർണ്ണതയിലെത്തിക്കാൻ അർജുൻ സർജ നൽകിയ പിന്തുണ വലുതായിരുന്നു. ശരീരത്തിന്റെ പൊസിഷൻ കൃത്യമാക്കുന്നതിലും ശ്വസന രീതികളിലും അദ്ദേഹം നൽകിയ നിർദേശങ്ങൾ ഏറെ സഹായിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും അർജുന്റെ ഫിറ്റ്നസിലും ഊർജ്ജത്തിലും ഒരു മാറ്റവും വന്നിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.
ആകെ 20 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിൽ 15 ദിവസത്തിലധികവും കഠിനമായ ആക്ഷൻ രംഗങ്ങളായിരുന്നു. ഷൂട്ടിങ് സമയത്ത് വേദന അറിയില്ലെങ്കിലും വൈകുന്നേരത്തോടെ ശരീരം കഠിനമായി വേദനിക്കുമായിരുന്നു. റൂമിലെത്തി തൈലങ്ങൾ തേച്ചും മരുന്നുകൾ കഴിച്ചുമാണ് ഓരോ ദിവസവും പൂർത്തിയാക്കിയത്. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നല്ല അഭിപ്രായം ലഭിച്ചെങ്കിലും കേരള പ്രേക്ഷകർ നൽകിയ സ്വീകാര്യത സമാനതകളില്ലാത്തതാണ്. ചിത്രത്തിലെ ചില രംഗങ്ങൾ ഇത്രത്തോളം തരംഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അഭിരാമി പറഞ്ഞു.