
കരിയറിന്റെ തുടക്കത്തിൽ നടൻ യഷിനെ ‘മിസ്റ്റർ ഷോഓഫ്’ എന്ന് വിശേഷിപ്പിച്ച നടി രശ്മിക മന്ദാനയുടെ പഴയ പരാമർശവും, അതിന് യഷ് നൽകിയ നയപരമായ മറുപടിയുമാണ് ഇപ്പോൾ സിനിമാ ലോകത്ത് വീണ്ടും ശ്രദ്ധ നേടുന്നത്. ജനപ്രിയ ടെലിവിഷൻ ഷോയായ ‘ആപ് കി അദാലത്തി’ൽ പങ്കെടുത്തപ്പോഴായിരുന്നു വർഷങ്ങൾക്ക് മുൻപ് കന്നഡ സിനിമാ ഇൻഡസ്ട്രിയിൽ വലിയ വിവാദമായ ഈ വിഷയത്തിൽ യഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.
മറ്റുള്ളവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ തന്റെ യഥാർത്ഥ സ്വഭാവത്തെയോ വ്യക്തിത്വത്തെയോ നിർവചിക്കുന്നില്ലെന്ന് യഷ് പറഞ്ഞു. ടിവി ഷോകളിലെ ചോദ്യങ്ങൾക്ക് ഉത്തരമായി ഓപ്ഷനുകൾ തിരഞ്ഞെടുക്കുമ്പോൾ ആളുകൾ ആ നിമിഷത്തെ തോന്നലുകൾക്ക് അനുസരിച്ചാകും പ്രതികരിക്കുന്നത്. പ്രസ്താവന നടത്തുമ്പോൾ രശ്മിക ഇൻഡസ്ട്രിയിൽ തുടക്കക്കാരിയായിരുന്നുവെന്നും, എല്ലാവർക്കും സ്വന്തം അഭിപ്രായം തുറന്നുപറയാൻ സ്വാതന്ത്ര്യമുണ്ടെന്നും യഷ് കൂട്ടിച്ചേർത്തു. അന്ന് യഷ് ആരാധകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് രശ്മിക ക്ഷമാപണം നടത്തുകയും തന്റെ വാക്കുകളിൽ വ്യക്തത വരുത്തുകയും ചെയ്തിരുന്നു.
അതേസമയം, വൻകിട പ്രോജക്റ്റുകളുമായി ഇന്ത്യൻ സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് യഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ആണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ അണിനിരക്കുന്ന ഈ ചിത്രത്തിന് പുറമെ, നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യിലും യഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.