
നടി നവ്യ നായർക്കും പിതാവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ നാടക-സ്റ്റേജ് കലാകാരനായ ആലപ്പി സുദർശൻ. ബാല്യകാലത്ത് മോണോ ആക്ട് പഠിപ്പിച്ച് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്ത തന്നോട് നവ്യയും കുടുംബവും കടുത്ത അവഗണനയും അനാദരവും കാണിച്ചെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ പ്രവേശന കാലത്തെ തിക്താനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
നവ്യ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് (അന്ന് ധന്യ) നൃത്ത അധ്യാപകന്റെ അഭ്യർത്ഥനപ്രകാരം മോണോ ആക്ട് പഠിപ്പിക്കാൻ തുടങ്ങിയതെന്ന് സുദർശൻ വ്യക്തമാക്കുന്നു. ‘കുന്തിയും കർണ്ണനും’ എന്ന വിഷയം പഠിപ്പിച്ചതിലൂടെ നവ്യയ്ക്ക് വിദ്യാലയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. തുടർന്ന് ആദ്യ സിനിമയായ ‘ഇഷ്ട’ത്തിന്റെ ഷൂട്ടിംഗ് വേളയിലും, പിന്നീട് തരംഗമായ ‘നന്ദന’ത്തിന്റെ ലൊക്കേഷനിൽ വെച്ചും താൻ വീണ്ടും പരിശീലനം നൽകുകയും സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കാൻ സഹായിക്കുകയും ചെയ്തു. എന്നാൽ, തുടർച്ചയായ വലിയ വിജയങ്ങൾ നേടിയിട്ടും തനിക്കർഹമായ പരിഗണന നവ്യയുടെ കുടുംബത്തിൽ നിന്ന് ലഭിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ സന്തോഷത്തിൽ ഒരു ജോഡി വസ്ത്രം ചോദിച്ചപ്പോൾ ‘കയ്യിൽ പണമില്ല’ എന്ന് പറഞ്ഞ് പിതാവ് നിരസിച്ചു. ലൊക്കേഷനുകളിൽ ചെന്ന് പഠിപ്പിച്ച സമയത്ത് മണിക്കൂറുകളോളം പട്ടിണി ഇരുത്തിയതായും, പറവൂരിലെ ഒരു ലോഡ്ജിൽ വെച്ച് നവ്യയും കുടുംബവും ഭക്ഷണം കഴിച്ച ശേഷവും തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ തികഞ്ഞ ഉദാസീനത കാണിച്ചതായും സുദർശൻ ആരോപിക്കുന്നു.
മത്സര വിജയത്തിന് ശേഷം നവ്യയ്ക്കൊപ്പം ഒരു ഫോട്ടോ എടുക്കാൻ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ, അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് നവ്യയുടെ അച്ഛൻ തന്നെ തടയുകയായിരുന്നു. വണ്ടിക്കൂലിയായി തന്ന 500 രൂപയും വാങ്ങി മടങ്ങിയ ആ സംഭവത്തിന് ശേഷം ഇന്നുവരെ നവ്യയെ കാണാനോ ബന്ധപ്പെടാനോ താൻ മുതിർന്നിട്ടില്ലെന്നും കടുത്ത മനോവിഷമത്തോടെ ആലപ്പി സുദർശൻ കൂട്ടിച്ചേർത്തു.
ആലപ്പി സുദർശന്റെ വാക്കുകൾ;
“നവ്യ നായർ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ മോണോ ആക്ട് പഠിപ്പിച്ചത്. ധന്യ എന്നായിരുന്നു അന്നവളുടെ പേര്. ധന്യയിൽ കഴിവുണ്ടെന്ന് ഡാൻസ് പഠിപ്പിച്ചയാൾ കണ്ടെത്തി. എന്നെ സാർ വിളിച്ചു. ഇങ്ങനെയൊരു കുട്ടിയുണ്ട്, അവളെ മോണോ ആക്ട് പഠിപ്പിക്കണം, പക്ഷേ ഫീസൊന്നും അവളുടെ കയ്യിൽ ഇല്ല എന്ന് പറഞ്ഞു.
എന്തെങ്കിലും തരും, പിന്നെ അവൾ രക്ഷപ്പെടുകയാണെങ്കിൽ ഇയാൾക്കും രക്ഷപ്പെടാം എന്നും പറഞ്ഞു. ഈ കുട്ടിയെ ഞാൻ ആദ്യം പഠിപ്പിച്ച ഐറ്റം കുന്തിയും കർണനുമാണ്. മത്സരത്തിൽ നവ്യക്കായിരുന്നു ഫസ്റ്റ്. പിന്നെ നവ്യ വളർന്നു. ആദ്യ സിനിമ ഇഷ്ടത്തിന്റെ ഷൂട്ടിങ്ങിന് പോകുമ്പോൾ എന്റെയടുത്ത് വന്നു. അനുഗ്രഹം വാങ്ങിച്ച് സന്തോഷത്തോടെ പോയി. നന്ദനത്തിന്റെ ലൊക്കേഷനിൽ പോയി ഞാൻ അടുത്ത ഐറ്റം പഠിപ്പിച്ചു. അതിനായിരുന്നു സ്റ്റേറ്റിൽ ഫസ്റ്റ് കിട്ടിയത്.
എനിക്കൊരു വിഷമം ഉണ്ട്. സാറെ, നവ്യക്ക് സ്റ്റേറ്റിലാണ് ഫസ്റ്റ്, എനിക്കൊരു ജോഡി ഡ്രസ് എടുത്ത് തരണം എന്ന് ഞാൻ നവ്യയുടെ അച്ഛനോട് പറഞ്ഞു. വഴിയിൽ നിന്ന് നൂറ് രൂപയ്ക്കും ഡ്രസ് കിട്ടും. പക്ഷേ എന്നോട് പറഞ്ഞ വാക്ക് ഇന്നും എനിക്ക് വേദനയാണ്. എനിക്ക് ഭയങ്കര വിഷമമുണ്ടാക്കുന്നതാണ്. സാറേ, പെെസ ഒന്നും ഇല്ലെന്നാണ് പറഞ്ഞത്.
‘നന്ദന’ത്തിന്റെ ലൊക്കേഷനിൽ നിന്നാണ് നവ്യ വരുന്നത്. ലൊക്കേഷനിൽ ചെന്നാണ് ഞാൻ പഠിപ്പിക്കുന്നതും. അങ്ങനെ എനിക്കൊരു വേദന, അല്ലെങ്കിൽ തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ പറവൂര് ഒരു ലോഡ്ജിന്റെ പേര് പറഞ്ഞു. അവിടെ വന്ന് പഠിപ്പിക്കാൻ. ഞാൻ റിസപ്ഷനിൽ കാത്തിരുന്നു. ഏറെ നേരമായിട്ടും വന്നില്ല. ഞാൻ കാത്തിരിക്കുകയാണെന്ന് അറിയിച്ചു. സാറിനൊരു റൂം കൊടുക്കാനോ അല്ലെങ്കിൽ കാത്തിരിക്കാനോ അവർ പറഞ്ഞില്ല.
ഏഴരയായപ്പോൾ നവ്യ നായർ വന്നോ എന്ന് ഞാൻ വീണ്ടും ചോദിച്ചു. അവർ നേരത്തെ വന്നല്ലോ എന്ന് മറുപടി. കാണണമെന്ന് പറഞ്ഞപ്പോൾ നവ്യയുടെ അച്ഛൻ കാത്തിരിക്കാൻ പറഞ്ഞു. ഞാൻ ഭക്ഷണം പോലും കഴിച്ചിട്ടില്ല. എട്ടര മണിയായപ്പോൾ ഞാൻ വീണ്ടും വിളിച്ചു. അഞ്ച് മിനിറ്റ് കൂടി വെയ്റ്റ് ചെയ്യാൻ പറഞ്ഞു. അഞ്ച് മിനിറ്റും പത്ത് മിനിറ്റും ഒരു മണിക്കൂറും കഴിഞ്ഞു.
ഒടുവിൽ റൂം കിട്ടി. അവളിപ്പോൾ ഡാൻസ് പ്രാക്ടീസ് ചെയ്യുകയാണ്, സാറേ, കാത്തിരിക്കെന്ന് നവ്യയുടെ അച്ഛൻ പറഞ്ഞു. പത്തര മണിയായപ്പോൾ എന്നെ വിളിച്ചു. ചെന്നപ്പോൾ കാണുന്നത് അവരുടെ ഭക്ഷണത്തിന്റെ ടിഫിൻ ബോക്സുകളാണ്. അവരെല്ലാം കഴിച്ച് സെറ്റായി. എന്നാൽ സാർ എപ്പോൾ വന്നു, കഴിച്ചോ എന്നൊന്നും ചോദിച്ചില്ല. ഞാൻ ഒന്നും കഴിച്ചില്ല എന്നതാണ് മറ്റൊരു സത്യം.
അതെനിക്ക് ഭയങ്കര വിഷമമായി. പഠിപ്പിച്ച ശേഷം റൂമിൽ പോയി. ചായക്കടയോ ഹോട്ടലോയില്ലാത്ത സ്ഥലം. അന്ന് ഞാൻ പട്ടിണി കിടന്നു. രാവിലെ ഞാൻ ഫ്രഷ് ആയി. ആറ് മണിക്ക് ഇവർക്ക് ലൊക്കേഷനിൽ പോണല്ലോ. അങ്ങനെ നവ്യ പോയി. പിന്നെ നവ്യയുടെ അച്ഛൻ വണ്ടിക്കൂലിക്ക് ഒരു 500 രൂപ തന്നു. മത്സരത്തിൽ നവ്യക്ക് ഫസ്റ്റ്.
എനിക്ക് സന്തോഷമായി. നവ്യയുമായി ഒരു ഫോട്ടോ വേണമെന്ന് പത്രക്കാർ പറയുന്നെന്ന് പറഞ്ഞപ്പോൾ അതിന്റെ കാര്യമൊന്നുമില്ല. സാർ മാത്രം പോയി എടുത്താൽ മതിയെന്ന് നവ്യയുടെ അച്ഛൻ പറഞ്ഞു. അതിന് ശേഷം ഈ നിമിഷം വരെ നവ്യയെ ഞാൻ വിളിച്ചിട്ടുമില്ല, കണ്ടിട്ടുമില്ല”.