
ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ തന്റെ വില്ലൻ കഥാപാത്രത്തെക്കുറിച്ചും അതിന് കുടുംബത്തിൽ നിന്ന് ലഭിച്ച വൈകാരികമായ പ്രതികരണങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടൻ ആശിഷ് ജോ ആന്റണി. ചിത്രത്തിൽ ‘ജിത്തു’ എന്ന ശ്രദ്ധേയമായ വില്ലൻ വേഷത്തിലാണ് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് എത്തുന്നത്. സിനിമ കണ്ട് സ്വന്തം അമ്മ പോലും താൻ മകനാണെന്ന കാര്യം മറന്നു കരഞ്ഞുപോയെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആശിഷ് വ്യക്തമാക്കി.
വിസ്മയ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റവും മോഹൻലാലിന്റെ അതിഥിവേഷവും കൊണ്ട് റിലീസിന് മുന്നേതന്നെ വലിയ മാധ്യമശ്രദ്ധ നേടിയ ചിത്രമാണ് ‘തുടക്കം’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഏഴാം തീയതി തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറുമ്പോഴാണ്, ആശിഷിന്റെ അപ്രതീക്ഷിത വില്ലൻ വേഷവും തിയേറ്ററുകളിൽ കയ്യടി നേടുന്നത്.
തന്റെ പ്രകടനം കണ്ട് ദുബായിൽ നിന്നെത്തിയ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുപോലെ ഞെട്ടിപ്പോയതായി ആശിഷ് പറയുന്നു. തിയേറ്ററിലെ വില്ലത്തരങ്ങൾ കണ്ട് അമ്മയും ചേച്ചിയും ഏറെ വികാരാധീനരായെന്നും, സ്വന്തം മകനാണെന്ന വസ്തുത പോലും മറന്ന് അമ്മ കരഞ്ഞപ്പോൾ ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് വലിയ സന്തോഷവും സംതൃപ്തിയുമാണ് തോന്നിയതെന്നും ആശിഷ് കൂട്ടിച്ചേർത്തു.
“സുഹൃത്തുക്കളൊക്കെയായി സിനിമ കാണാൻ വന്നപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. എന്റെ സുഹൃത്തുക്കൾ കുറച്ചു പേർ ദുബൈയിൽ നിന്ന് വന്നിരുന്നു. പിന്നെ എന്റെ ചേച്ചി, അളിയൻ, അമ്മ കുടുംബത്തിലുള്ള എല്ലാവരും ഞെട്ടി. ആരും പ്രതീക്ഷിച്ചിരുന്നില്ല.
അമ്മ കരഞ്ഞു. അമ്മ ഞാൻ സ്വന്തം മോൻ ആണെന്ന കാര്യം പോലും മറന്നു. ചേച്ചി കരഞ്ഞു. വീട്ടിൽ എല്ലാവരും ഇമോഷണൽ ആയിരുന്നു. പക്ഷേ അതൊക്കെ കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി”.- ആശിഷ് ജോ ആന്റണി പറഞ്ഞു.