മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന് തിരിച്ചടി; സന്നിധാനത്ത് ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് വനംവകുപ്പ്

','

' ); } ?>

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന്റെ ശബരിമല സന്നിധാനത്തെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന പ്രദേശമായതിനാൽ, പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. പ്രധാന ഭാഗങ്ങൾ സന്നിധാനത്ത് ചിത്രീകരിക്കാൻ പദ്ധതിയിട്ടിരുന്ന അണിയറപ്രവർത്തകർക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ തീരുമാനം.

നേരത്തെ, പൂർണ്ണമായ തിരക്കഥ സമർപ്പിക്കണം, ആചാരങ്ങളെയോ വിശ്വാസങ്ങളെയോ ബാധിക്കുന്ന യാതൊന്നും ഉണ്ടാകരുത്, 50,000 രൂപ കെട്ടിവെക്കണം, വനംവകുപ്പിൽ നിന്നുള്ള അനുമതി പത്രം ഹാജരാക്കണം തുടങ്ങിയ കർശന ഉപാധികളോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ വനംവകുപ്പ് റെഡ് സിഗ്നൽ കാണിച്ചതോടെ സന്നിധാനത്തെ ഷൂട്ടിംഗ് അനിശ്ചിതത്വത്തിലായി. അതേസമയം, റാന്നി വനം വകുപ്പ് ഡിവിഷന് കീഴിലുള്ള പമ്പ വരെയുള്ള ഭാഗങ്ങളിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിൽ നാളെ മുതൽ ഷൂട്ടിംഗ് ആരംഭിക്കും.

‘തുടരും’ എന്ന മെഗാഹിറ്റിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹര’ത്തിൽ പോലീസ് സബ് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ മോഹൻലാലിന്റെ നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കഥയുടെ വലിയൊരു ഭാഗവും ശബരിമലയെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ 80 ശതമാനത്തോളം പൂർത്തിയായ ചിത്രം വരും ക്രിസ്മസ് റിലീസായാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. തൊടുപുഴ, കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവയാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകൾ.