ഫോണിൽ ചിത്രങ്ങളില്ല, 15 ദിവസത്തിലൊരിക്കൽ പാസ്‌വേഡ് മാറ്റും: സൈബർ സുരക്ഷാ മുൻകരുതലുകളുമായി നാഗാർജുന

','

' ); } ?>

ഡിജിറ്റൽ തട്ടിപ്പുകളും ഹാക്കിങ് ഭീഷണികളും പെരുകുന്ന കാലത്ത് സ്വന്തം ഫോണിന്റെയും വിവരങ്ങളുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയുമായി തെലുങ്ക് സൂപ്പർതാരം നാഗാർജുന അക്കിനേനി. ഫോണിൽ ചിത്രങ്ങളൊന്നും സൂക്ഷിക്കാത്തതും കൃത്യമായ ഇടവേളകളിൽ പാസ്‌വേഡുകൾ മാറ്റുന്നതുമടക്കമുള്ള തന്റെ കശനമായ സ്വകാര്യ മുൻകരുതലുകളെക്കുറിച്ച് താരം തുറന്നുപറഞ്ഞു. ഹൈദരാബാദിൽ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ (TGCSB) സംഘടിപ്പിച്ച ‘സുരക്ഷ കാ തിരംഗ’ സൈബർ ബോധവൽക്കരണ പരിപാടിയിലാണ് സൈബർ ലോകത്തെ സ്വന്തം അനുഭവങ്ങളും സുരക്ഷാ രീതികളും അദ്ദേഹം പങ്കുവെച്ചത്.

ഹാക്കിങ് സാധ്യതകൾ ഒഴിവാക്കാനായി ഫോണിന്റെ പാസ്‌വേഡ് ഓരോ 15 ദിവസം കൂടുമ്പോഴും വീട്ടിലെ വൈഫൈ പാസ്‌വേഡ് ഒന്നോ രണ്ടോ മാസം കൂടുമ്പോഴോ മാറ്റിസ്ഥാപിക്കാറുണ്ടെന്ന് നാഗാർജുന വെളിപ്പെടുത്തി. സെലിബ്രിറ്റിയായ തനിക്ക് ഇത്രയധികം ജാഗ്രത പാലിക്കേണ്ടി വരുന്നുവെങ്കിൽ, സാങ്കേതികവിദ്യയിൽ അത്ര പരിചയമില്ലാത്ത സാധാരണക്കാരായ മുതിർന്ന പൗരന്മാരുടെ അവസ്ഥ എത്രത്തോളം അപകടകരമാണെന്ന ആശങ്കയും താരം പങ്കുവെച്ചു.

ഏകദേശം നാലു വർഷം മുൻപ് നേരിടേണ്ടി വന്ന ഒരു വ്യാജ ബാങ്ക് കോളിന് ശേഷമാണ് താൻ ഡിജിറ്റൽ സുരക്ഷയിൽ ഇത്രയധികം ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് നാഗാർജുന ഓർത്തെടുത്തു. ബാങ്ക് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വിളിച്ചയാൾ ഓഹരി നിക്ഷേപങ്ങൾക്കായി നിരന്തരം നിർബന്ധിക്കുകയും വഴിപ്പെടാതിരുന്നപ്പോൾ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തത് സംശയത്തിനിടയാക്കുകയായിരുന്നു. കൂടാതെ, ഇറാനിലേക്ക് ലഹരിമരുന്ന് അടങ്ങിയ പാർസൽ അയച്ചുവെന്ന് ആരോപിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന പേരിൽ തനിക്കും ഭീഷണി കോളുകൾ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ഒരു ബന്ധുവിന് നേരിടേണ്ടി വന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിനെക്കുറിച്ചും അദ്ദേഹം പരിപാടിയിൽ മുന്നറിയിപ്പ് നൽകി. പോലീസ് യൂണിഫോമിലെത്തിയ വ്യാജ ഉദ്യോഗസ്ഥൻ ബന്ധുവിനെ വീട്ടിൽ വെച്ച് 6 മുതൽ 7 മണിക്കൂർ വരെ ഡിജിറ്റൽ അറസ്റ്റിൽ തടഞ്ഞുവെക്കുകയായിരുന്നു. ഭാഗ്യവശാൽ സൈബർ ക്രൈം വിഭാഗത്തെ ഉടൻ വിവരമറിയിച്ചതിനാലാണ് വലിയ അപകടവും സാമ്പത്തിക നഷ്ടവും ഒഴിവായത്.

അതേസമയം, ധനുഷിനൊപ്പം ‘കുബേര’, രജനികാന്തിനൊപ്പം ‘കൂലി’ എന്നീ ചിത്രങ്ങളിലൂടെ കഴിഞ്ഞവർഷം പ്രേക്ഷകർക്ക് മുന്നിലെത്തിയ നാഗാർജുന, മകൻ അഖിൽ അക്കിനേനിയുടെ ‘ലെനിൻ’ എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തിരുന്നു. രാ കാർത്തിക് സംവിധാനം ചെയ്യുന്ന തന്റെ നൂറാമത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളിലാണ് താരം ഇപ്പോൾ.