“ഏഴുവർഷം ഞാൻ നാർസിസിസ്റ്റിക് ഫീമെയിൽ റിലേഷനിൽ ആയിരുന്നു, ഞാൻ ഇരയല്ല അതിജീവിത”; അനുപമ പരമേശ്വരൻ

','

' ); } ?>

നാർസിസിസ്റ്റിക് അബ്യൂസിൽനിന്നുള്ള അതിജീവനത്തെക്കുറിച്ച് കൂടുതൽ മനസ്സുതുറന്ന് നടി അനുപമ പരമേശ്വരൻ. പ്രണയബന്ധത്തിനിടയിൽ നേരിടേണ്ടിവന്ന കഠിനമായ മാനസിക അധിക്ഷേപങ്ങളെക്കുറിച്ചും അതിൽനിന്നുള്ള അതിജീവനത്തെക്കുറിച്ചുമാണ് അനുപമ തുറന്നുപറഞ്ഞ്. മാധ്യമപ്രവർത്തക ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ പങ്കാളിയിൽനിന്നുണ്ടായ വൈകാരിക ചൂഷണങ്ങളെക്കുറിച്ചും മാനസിക തകർച്ചയെക്കുറിച്ചും നടി വ്യക്തമാക്കിയത്. രണ്ടു വർഷത്തോളം നീണ്ടുനിന്ന ഈ മാനസിക സമ്മർദ്ദം തന്റെ ശാരീരിക ആരോഗ്യത്തെപ്പോലും ഗുരുതരമായി ബാധിച്ചുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നുവെന്നും അനുപമ വെളിപ്പെടുത്തി.

ഒരു പരിപാടിക്കായി സ്റ്റേജിൽ കയറുന്നതിന് തൊട്ടുമുൻപുപോലും പങ്കാളി തന്നെ സ്ലട്ട് ഷെയിം ചെയ്തിരുന്നതായി നടി പറഞ്ഞു. നേരിട്ടുള്ള ശാരീരിക അതിക്രമങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും നിരന്തരമായ വൈകാരിക അധിക്ഷേപങ്ങൾ മൂലം കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവപ്പെട്ടത്. ഇത് കണ്ണീർ ഗ്രന്ധിയെ ബാധിക്കുകയും തുടർന്ന് ശസ്ത്രക്രിയ വേണ്ടിവരികയും ചെയ്തു. പുറത്തുനിന്നു നോക്കുന്നവർക്ക് എളുപ്പത്തിൽ ഇറങ്ങിപ്പോരാൻ തോന്നുമെങ്കിലും, ഒരു ചിലന്തിവല പോലെ ആളുകളെ വരിഞ്ഞുമുറുക്കുന്ന തരം ബന്ധങ്ങളാണിവയെന്ന് അനുപമ ചൂണ്ടിക്കാട്ടി. സ്വയം ഇരയായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് ശക്തയായ ഒരു അതിജീവിതയാണ് താനെന്നും നടി കൂട്ടിച്ചേർത്തു.

മുൻ പങ്കാളിയുടെ പെരുമാറ്റം വിക്രം ചിത്രമായ ‘അന്യനി’ലെ കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മാറിമറിയുന്ന പെരുമാറ്റരീതികളും പരിചയപ്പെട്ട് മൂന്നു മാസത്തിനുള്ളിൽ വിവാഹനിശ്ചയം നടത്തണമെന്ന ആവശ്യവും വലിയ സമ്മർദ്ദം സൃഷ്ടിച്ചു. തുടർച്ചയായ അധിക്ഷേപങ്ങൾ മൂലം സ്വയം ജീവനൊടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചുപോയ നിമിഷങ്ങളുണ്ടായി. ഒരുകാലത്ത് 11 കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചിരുന്ന താൻ, കുട്ടികളേ വേണ്ടെന്ന ചിന്തയിലേക്ക് എത്തിയത് ഈ അനുഭവങ്ങൾ നൽകിയ ആഘാതം മൂലമാണ്.

നാർസിസിസ്റ്റിക് അബ്യൂസിന് ലിംഗഭേദമില്ലെന്നും, തൊഴിലിടവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയിൽനിന്നും സമാനമായ അനുഭവം ഏഴുവർഷത്തോളം നേരിട്ടിട്ടുണ്ടെന്നും അനുപമ വ്യക്തമാക്കി. മുൻ പങ്കാളിയുമായി ഒന്നിച്ചുള്ള ചിത്രങ്ങളും പ്രണയ അഭ്യൂഹങ്ങളും മുൻപ് പ്രചരിച്ചിരുന്നെങ്കിലും അഭിമുഖത്തിൽ ആരുടെയും പേര് നടി നേരിട്ട് പരാമർശിച്ചിട്ടില്ല. ‘പ്രേമം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിൽ ശ്രദ്ധേയയായ നടി, പഴയ അനുഭവങ്ങളിൽനിന്ന് പൂർണമായി മുക്തയായി തമിഴിലും തെലുങ്കിലുമുള്ള പുതിയ സിനിമകളുടെ തിരക്കുകളിലേക്ക് കടക്കുകയാണ്.