“സെറ്റിൽ കിയാരക്ക് വേണ്ടി ഞാനും ഗീതുവും ബൗൺസർമാരെപ്പോലെ കാവൽ നിന്നിട്ടുണ്ട്”; യാഷ്

','

' ); } ?>

ഗർഭകാലത്തും കഠിനാധ്വാനത്തോടെയും പൂർണ അർപ്പണബോധത്തോടെയും അഭിനയിച്ച നടി കിയാര അദ്വാനിയെ പ്രശംസിച്ച് കന്നഡ താരം യഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിന്റെ മുംബൈയിൽ നടന്ന ഓഡിയോ ലോഞ്ചിലാണ് ചിത്രീകരണ സമയത്തെ കിയാരയുടെ പ്രൊഫഷണലിസത്തെ കുറിച്ച് താരം തുറന്നുപറഞ്ഞത്.

ചിത്രീകരണവേളയിൽ കിയാരയുടെ ആരോഗ്യകാര്യത്തിൽ തങ്ങൾ ഏറെ ആശങ്കാകുലരായിരുന്നുവെന്ന് യഷ് വെളിപ്പെടുത്തി. മഴയത്തുള്ള ചിത്രീകരണമടക്കം ഏറെ പ്രയാസമേറിയ രംഗങ്ങളുണ്ടായിരുന്നിട്ടും 100 ശതമാനം ആത്മാർത്ഥതയോടെയാണ് കിയാര സഹകരിച്ചത്. സെറ്റിൽ കിയാരയ്ക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവാതിരിക്കാൻ താനും സംവിധായിക ഗീതു മോഹൻദാസും ഒരു ബൗൺസറെയോ അംഗരക്ഷകനെയോ പോലെയാണ് അവരെ ശ്രദ്ധിച്ചിരുന്നതെന്നും യഷ് കൂട്ടിച്ചേർത്തു.

നേരത്തെ ചിത്രത്തിലെ ‘തബാഹി’ എന്ന ഗാനത്തിലെ രംഗങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ കിയാരയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങളിലും യഷ് നടിയെ ശക്തമായി പിന്തുണച്ചിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ സംവിധായികയുടെ കാഴ്ചപ്പാടിനോട് പൂർണമായി നീതി പുലർത്തുകയാണ് കിയാര ചെയ്തതെന്നും ഭാവിയിൽ ഈ പ്രകടനം ഏറെ പ്രശംസിക്കപ്പെടുമെന്നും ബെംഗളൂരുവിൽ നടന്ന ട്രെയിലർ ലോഞ്ചിൽ യഷ് വ്യക്തമാക്കിയിരുന്നു.

ഗീതു മോഹൻദാസും യഷും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ബഹുഭാഷാ ചിത്രം ഓഗസ്റ്റ് 26-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്. റായ, ടിക്കറ്റ് എന്നീ കഥാപാത്രങ്ങളായി യഷ് എത്തുന്ന ചിത്രത്തിൽ നയൻതാര, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവർ സംഗീതസംവിധാനവും നിർവഹിച്ച ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.