“ഇന്റിമേറ്റ് രംഗങ്ങൾ കണ്ടപ്പോൾ ഭാര്യയ്ക്ക് അസ്വസ്ഥത തോന്നി, ഞങ്ങൾക്കിടയിൽ പരസ്പര വിശ്വാസമുണ്ട്”; യാഷ്

','

' ); } ?>

‘കെ.ജി.എഫ് 2’ എന്ന വൻ വിജയത്തിന് ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന കന്നഡ താരം യഷിന്റെ ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലറിലെ ഇന്റിമേറ്റ് രംഗങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ചിത്രത്തിലെ ഇത്തരം രംഗങ്ങളോട് തന്റെ ഭാര്യയും മുൻ നടിയുമായ രാധിക പണ്ഡിറ്റ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിൽ രജത് ശർമ്മയോട് സംസാരിക്കവേയാണ് യഷ് ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

സ്‌ക്രീനിലെ ഇന്റിമേറ്റ് രംഗങ്ങൾ കാണുമ്പോൾ ഏതൊരു പങ്കാളിക്കും അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്നും തന്റെ ഭാര്യയും അതിൽ വ്യത്യസ്തയല്ലെന്നും യഷ് പറഞ്ഞു. ഇതിൽ ഒളിച്ചുവെക്കേണ്ട കാര്യമൊന്നുമില്ലെന്ന് വ്യക്തമാക്കിയ താരം, എന്നാൽ കഥ ആവശ്യപ്പെടുന്നതുകൊണ്ടു മാത്രമാണ് കംഫർട്ട് സോണിന് പുറത്തുകടന്ന് ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ തയ്യാറായതെന്നും കൂട്ടിച്ചേർത്തു. സിനിമയെന്ന കലയോടും പ്രമേഹത്തോടും പൂർണ്ണമായി നീതി പുലർത്താനും അത് എത്രത്തോളം യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കാൻ സാധിക്കുമോ അത്രത്തോളം മികച്ചതാക്കാനുമാണ് ശ്രമിച്ചത്. രാധികയും ഒരു നടിയായതിനാൽ താൻ ചെയ്യുന്നത് ജോലിയാണെന്ന് കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്നും തങ്ങൾക്കിടയിൽ പരസ്പരവിശ്വാസമുള്ളതിനാൽ ഇത്തരമൊരു അഭിനയത്തിന്റെ പേരിൽ ഭാര്യയ്ക്ക് തന്നോട് പിണക്കമില്ലെന്നും യഷ് ചൂണ്ടിക്കാട്ടി.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ പുതിയ തലമുറയെ ലക്ഷ്യമിട്ട് നിർമിച്ചിട്ടുള്ള ചിത്രമാണ്. ചെറുപ്പക്കാർ മുൻതലമുറകളുമായി ഇടപഴകുമ്പോൾ നേരിടുന്ന ചില പ്രശ്നങ്ങളും വെല്ലുവിളികളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിൽ ‘റായ’, ‘ടിക്കറ്റ്’ എന്നീ വേഷങ്ങളിലാണ് ഇതുവരെ കാണാത്ത ലുക്കിൽ യഷ് എത്തുന്നത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോപൻ ചിദംബരമാണ് മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവർ ചേർന്നാണ് സംഗീതം നൽകുന്നത്. ജെ.ജെ. പെറി, അൻപറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 26-ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.