
അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് തീയേറ്ററുകളിൽ മുന്നേറുന്ന ‘ഡിസി’ എന്ന ചിത്രത്തിൽ നായകനായെത്തിയ ലോകേഷ് കനകരാജിന്റെ അഭിനയ മികവിനെ പ്രശംസിച്ച് നടൻ കൃഷ് ദയാൽ. ചിത്രത്തിൽ ലോകേഷ് ജനാല കമ്പിയിൽ പിടിച്ച് കരയുന്ന വൈകാരിക രംഗം സിംഗിൾ ടേക്കിലാണ് ചിത്രീകരിച്ചതെന്ന് കൃഷ് വെളിപ്പെടുത്തി. സെറ്റിലുണ്ടായിരുന്ന ആരും അന്ന് ഒരു സൂപ്പർ ഡയറക്ടറെയല്ല, മറിച്ച് കാര്യങ്ങൾ പഠിക്കാൻ തൽപ്പരനായ ഒരു തുടക്കക്കാരൻ നടനെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘സിനിമാ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിലാണ് കൃഷ് സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചത്.
ചിത്രത്തിൽ ഭോജരാജ് എന്ന പോലീസ് ഉദ്യോഗസ്ഥനായി എത്തിയത് കൃഷ് ദയാലായിരുന്നു. ലോകേഷിന്റെ ദേവദാസ് എന്ന കഥാപാത്രത്തെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന രംഗം പ്രേക്ഷകരെ ഏറെ വൈകാരികമായി സ്പർശിച്ച ഒന്നാണ്. ഈ രംഗത്തിൽ ലോകേഷിന്റെ ക്ലോസ് അപ്പ് ഷോട്ട് സിംഗിൾ ടേക്കിൽ പൂർത്തിയായപ്പോൾ സെറ്റിലുണ്ടായിരുന്ന എല്ലാവരും കൈയടിച്ചതായി കൃഷ് ഓർത്തെടുത്തു.
സെറ്റിൽ അരുൺ മാതേശ്വരൻ എന്ന ഒരൊറ്റ സംവിധായകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, സംവിധായകന്റെ കുപ്പായം പൂർണ്ണമായും അഴിച്ചുവെച്ചാണ് ലോകേഷ് ക്യാമറയ്ക്ക് മുന്നിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പുതുമുഖ നടൻ എന്ന നിലയിൽ മറ്റുള്ളവരുടെ ജോലി നിരീക്ഷിക്കാനും മുതിർന്ന അഭിനേതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പഠിക്കാനും ലോകേഷ് കാണിച്ച വിനയം തന്നെ ഏറെ അതിശയിപ്പിച്ചെന്നും കൃഷ് കൂട്ടിച്ചേർത്തു.
അതേസമയം, തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടുന്ന ചിത്രം 50 കോടി കളക്ഷൻ ക്ലബ്ബിലേക്ക് കടക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 47 കോടി രൂപയാണ് ‘ഡിസി’ ഇതുവരെ സ്വന്തമാക്കിയത്.