“ഐ ആം ഗെയി’മിലെ ഡാൻ ജോൺ നിങ്ങളെ അത്ഭുതപ്പെടുത്തും”; ദുൽഖർ സൽമാൻ

','

' ); } ?>

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐ ആം ഗെയിം’ എന്ന സിനിമയിലെ താൻ അവതരിപ്പിക്കുന്ന ‘ഡാൻ ജോൺ’ എന്ന കഥാപാത്രം പ്രേക്ഷകർക്ക് വലിയൊരു അത്ഭുതമായിരിക്കുമെന്ന് നടൻ ദുൽഖർ സൽമാൻ. ഇത്രയും സ്വയം പുകഴ്ത്തുന്നൊരു കഥാപാത്രത്തെ താൻ അവതരിപ്പിച്ചിട്ട് കുറേ നാളായെന്നും, തെലുങ്കിലും മലയാളത്തിലുമായി താൻ നിലവിൽ ചെയ്യുന്ന സിനിമകൾ തികച്ചും വ്യത്യസ്തമായ ലോകങ്ങളിലാണ് സഞ്ചരിക്കുന്നതെന്നും താരം വ്യക്തമാക്കി. ഒരു അഭിനേതാവെന്ന നിലയിൽ ഇത്തരം വ്യത്യസ്തമായ ജീവിതങ്ങൾ ജീവിച്ചുതീർക്കുന്നത് ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ദുൽഖർ പറഞ്ഞത്.

“തെലുങ്കിൽ ഞാൻ ചെയ്യുന്ന രണ്ട് സിനിമകളും മലയാളത്തിൽ ചെയ്യുന്ന ‘ഐ ആം ഗെയി’മും തികച്ചും വ്യത്യസ്തമായ സിനിമകളാണ്. ആ സിനിമകളിലെ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ കണ്ടാൽ നിങ്ങൾക്ക് അത് മനസിലാകും. കഥാപാത്രങ്ങളും അവ നടക്കുന്ന ലോകവുമെല്ലാം വളരെ വ്യത്യസ്തമാണ്.

ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ ഒരുപാട് ആസ്വദിക്കുന്ന കാര്യമാണത്. എനിക്ക് എത്രയോ ജീവിതങ്ങളാണ് ജീവിക്കാനാകുന്നത്. ‘ഐ ആം ഗെയി’മിലെ ഡാൻ ജോൺ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്രയും സ്വയം പുകഴ്ത്തുന്ന ഒരാളായി ഞാൻ അഭിനയിച്ചിട്ട് കുറേ നാളായി”.- ദുൽഖർ പറഞ്ഞു.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സെപ്റ്റംബർ 3-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.നേരത്തെ ഓണം റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് മാറ്റിവെച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പൃഥ്വിരാജ് ചിത്രം ‘ഖലീഫ’, നിവിൻ പോളിയുടെ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്നിവയുമായുള്ള ഓണം ബോക്സ് ഓഫീസ് പോരാട്ടം ഭയന്നാണ് ദുൽഖർ ചിത്രം മാറ്റിവെച്ചതെന്ന തരത്തിൽ വൻ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്. എന്നാൽ ഈ ചർച്ചകൾക്കെല്ലാം ഇടയിലാണ് സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകൾ നൽകുന്ന പ്രതികരണവുമായി ദുൽഖർ തന്നെ നേരിട്ടെത്തിയിരിക്കുന്നത്.