“‘കേരളം കേരളം’ പാടിയപ്പോൾ പേര് ഒഴിവാക്കി, വയലാർ എഴുതിയതെന്ന് ജനങ്ങൾ കരുതിക്കോട്ടെ എന്ന ‘ശുദ്ധഹൃദയം’ ആയിരിക്കും”; സുരേഷ് ഗോപിക്ക് പരിഹാസം

','

' ); } ?>

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റിയതിൽ സന്തോഷം പ്രകടിപ്പിക്കാൻ പാർലമെന്റിൽ ‘കേരളം കേരളം..’ എന്ന ഗാനം ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. പാട്ടിന്റെ രചയിതാവായ തന്റെ പേര് പറയാതെ ‘ഒരു മഹാകവി’ എന്ന പ്രയോഗത്തിലൊതുക്കിയതിലുള്ള അമർഷമാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. സുരേഷ് ഗോപിയുടെ ആദ്യകാല സിനിമാജീവിതത്തിൽ താൻ നൽകിയ വൻ പിന്തുണയും നായകപദവിയും ഓർമിപ്പിച്ചുകൊണ്ടാണ് തമ്പിയുടെ ഈ പ്രതികരണം.

പാർലമെന്റിലെ പ്രസംഗത്തിനിടെ എം.ടി. വാസുദേവൻ നായർ, ജോൺസൺ, വയലാർ, ദേവരാജൻ തുടങ്ങിയ പ്രഗത്ഭരെ സുരേഷ് ഗോപി അനുസ്മരിച്ചിരുന്നു. എന്നാൽ താൻ എഴുതിയ പ്രശസ്തമായ ഗാനം പാടിയപ്പോൾ മാത്രം പേര് ഒഴിവാക്കുകയാണുണ്ടായത്. തന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങാത്തതുകൊണ്ടാകാം പറയാതിരുന്നതെന്ന് പരിഹസിച്ച ശ്രീകുമാരൻ തമ്പി, ഈ ഗാനവും വയലാർ എഴുതിയതാണെന്ന് ജനങ്ങൾ കരുതിക്കോട്ടെ എന്ന ‘ശുദ്ധഹൃദയത്തോടെയുള്ള’ ചിന്തയാകാം ഇതിന് പിന്നിലെന്നും കുറിച്ചു. 86-ാം വയസ്സിലും തന്റെ ഓർമശക്തിക്ക് കുഴപ്പമൊന്നുമില്ലെന്നും, തന്നേക്കാൾ പ്രായം കുറഞ്ഞ സുരേഷ് ഗോപിക്ക് ബാധിച്ച ഈ ‘മറവിരോഗം’ മാറട്ടെ എന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം പരിഹസിച്ചു.

സുരേഷ് ഗോപിയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ അവസരങ്ങൾ ഒരുക്കിക്കൊടുത്ത കാര്യവും കുറിപ്പിൽ അക്കമിട്ടു നിരത്തുന്നുണ്ട്. മോഹൻലാൽ നായകനായ ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ അതുവരെ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന സുരേഷ് ഗോപിക്ക് വില്ലൻ വേഷം നൽകിയത് താനായിരുന്നു. പിന്നീട് താൻ തിരക്കഥയെഴുതിയ ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ ഐ.വി. ശശി മറ്റൊരു പ്രമുഖ നടനെ നായകനാക്കാൻ ആഗ്രഹിച്ചപ്പോഴും, തന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സുരേഷ് ഗോപിയെ നായകനാക്കിയത്. ചിത്രം റിലീസായ ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ തിയേറ്ററിൽ നിന്ന് വിളിച്ച് നന്ദി അറിയിച്ച കാര്യം ഇന്നും ഓർക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരിൽനിന്നും നന്ദി പ്രതീക്ഷിക്കരുതെന്ന സത്യം തനിക്കറിയാമെന്ന് വ്യക്തമാക്കുന്ന തമ്പി, “ബന്ധുവാര് ശത്രുവാര്…” എന്ന തന്റെ പ്രശസ്തമായ വരികൾ ഉദ്ധരിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശ്രീകുമാരൻ തമ്പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് പാർലമെന്റിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പൂർണമായി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടയിൽ ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം… എന്ന ഗാനം പാടി അഭിമാനപുളകിതനായി. എം.ടി. വാസുദേവൻ നായർ, ജോൺസൺ, വയലാർ, ജി. ദേവരാജൻ തുടങ്ങിയ മലയാളികളായ പ്രഗത്ഭരെ അനുസ്മരിച്ച് സാഹിത്യത്തിലും സംഗീതത്തിലുമുള്ള തന്റെ താല്പര്യം അദ്ദേഹം വെളിവാക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം പാടിയ ‘കേരളം… കേരളം’ എന്ന പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി എന്ന അടിയന്റെ പേര് പറയാൻ തയ്യാറായില്ല. ഒരു പക്ഷേ എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും. പകരം ‘ഒരു മഹാകവി’ എന്ന ലേബലിൽ എന്നെ ഒതുക്കി. പാട്ട് പാടുന്നതിനു മുൻപ് വയലാർ, ദേവരാജൻ എന്നീ പേരുകൾ പറഞ്ഞതിൽനിന്ന് ഈ ഗാനവും വയലാർ എഴുതിയത് എന്ന് ജനങ്ങൾ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയൻ വിചാരിച്ചുകാണും.

കേരളത്തെക്കുറിച്ചുള്ള ഒരു മികച്ച ഗാനമായി എല്ലാ മലയാളികളും അംഗീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചയിതാവായ എന്റെ പേര് ആ നല്ല അവസരത്തിൽ പറയാതിരിക്കാൻ സുരേഷ് ഗോപിക്ക് രണ്ടു മൂന്ന് കാരണങ്ങൾ ഉണ്ട്. മോഹൻലാലിനെ നായകനാക്കി ഞാൻ സ്വന്തമായി നിർമിച്ചു സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ ഞാൻ പ്രധാന വില്ലനാക്കി. നായകനാകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയെ നായകനാക്കണമെന്ന് ഞാൻ നിർബന്ധമായി ശശിയോട് പറഞ്ഞു. സുരേഷ് ഗോപി ആദ്യമായി നായകനായി വന്നത് ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ ആണ്. അന്ന് ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു പ്രശസ്തനായ ഒരു യുവനായകനായിരുന്നു ഐ.വി. ശശിയുടെ മനസ്സിൽ. എന്നാൽ എന്റെ അഭ്യർഥന മാനിച്ച് ശശി സുരേഷ് ഗോപിയെ തന്നെ നായകനാക്കി.

‘അക്ഷരത്തെറ്റ്’ റിലീസ് ആയ ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ ഒരു തിയേറ്ററിൽ സിനിമ കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിച്ച് ആ കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കണ്ട എന്ന സത്യവും എനിക്കറിയാം. കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി ഇതൊക്കെ മറന്നു കാണും. പക്ഷേ ഈ എൺപത്താറാം വയസ്സിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.

‘ബന്ധുവാര് ശത്രുവാര്

ബന്ധനത്തിൻ നോവറിയും

കിളിമകളേ പറയൂ…’

ഇതും എന്റെ വരികളാണ്. എന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്.