“പങ്കാളിയെ ഔദ്യോഗികമായി വിവാഹം കഴിക്കാൻ ഉദ്ദേശമില്ല, ഞങ്ങൾ എന്നും ഒന്നിച്ചുതന്നെയാണ്”; പൂജ ബേദി

','

' ); } ?>

വിവാഹനിശ്ചയം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പങ്കാളി മാണിക് കോൺട്രാക്ടറെ ഔദ്യോഗികമായി വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കി പ്രമുഖ നടി പൂജ ബേദി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരമ്പരാഗത വിവാഹ സങ്കൽപ്പങ്ങളോട് തനിക്കുള്ള കാഴ്ചപ്പാടും അതിനു പിന്നിലെ പ്രായോഗിക കാരണങ്ങളും താരം വെളിപ്പെടുത്തിയത്.

2019-ലായിരുന്നു പൂജ ബേദിയും മാണിക് കോൺട്രാക്ടറും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. നീണ്ട നാളത്തെ പ്രണയബന്ധത്തിന് ശേഷമായിരുന്നു ഈ ചടങ്ങ്. എന്നാൽ ഇനിയൊരു വിവാഹത്തിന്റെ ആവശ്യമില്ലെന്നാണ് നടിയുടെ നിലപാട്. വിരലിൽ മോതിരം അണിയിച്ച് കൂടെയുണ്ടാകുമെന്ന ഉറപ്പുനൽകുന്നതോടെ തന്നെ പങ്കാളിയായും ഭർത്താവായും കുട്ടികളുടെ പിതാവായുമുള്ള പ്രതിബദ്ധത പൂർണ്ണമാകുന്നുവെന്ന് പൂജ പറയുന്നു. അതിനാൽ, “എപ്പോഴാണ് കല്യാണം?” എന്ന് ആവേശത്തോടെ ചോദിക്കുന്നവരോട് “ഇനി വിവാഹമില്ല” എന്ന് തന്നെയാണ് താൻ മറുപടി നൽകുന്നതെന്നും അവർ വ്യക്തമാക്കി.

വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് സാമ്പത്തികവും കുടുംബപരവുമായ കാര്യങ്ങൾ കൂടുതൽ ലളിതമാക്കുമെന്നും നടി ചൂണ്ടിക്കാട്ടുന്നു. താനും മാണിക്കും മുൻപ് വിവാഹമോചനം നേടിയവരും മക്കളുള്ളവരുമാണ്. 2003-ൽ വേർപിരിഞ്ഞ ഫർഹാൻ ഫർണിച്ചർവാലയുമായുള്ള ആദ്യ വിവാഹത്തിൽ പൂജയ്ക്ക് അലയ എഫ്, ഉമർ ഫർണിച്ചർവാല എന്നീ രണ്ട് മക്കളുണ്ട്. മാണിക്കിനും മുൻബന്ധത്തിൽ മക്കളുണ്ട്.

നിയമപരമായ വിവാഹത്തിൽ ഏർപ്പെടാതിരിക്കുമ്പോൾ സ്വന്തം സ്വത്തുക്കൾ തടസ്സമില്ലാതെ മക്കൾക്ക് തന്നെ കൈമാറാൻ സാധിക്കുമെന്ന് പൂജ വ്യക്തമാക്കുന്നു. രണ്ടുപേരും സമ്പാദിക്കുന്നവരും സാമ്പത്തികമായി പൂർണ്ണ സ്വതന്ത്രരുമായതിനാൽ സുരക്ഷിതത്വത്തിനായി പരസ്പരം ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇരു കുടുംബങ്ങളും തമ്മിൽ മികച്ച ബന്ധത്തിലാണെന്നും, തന്റെ മക്കൾക്ക് മാണിക്കിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഏറെ ഇഷ്ടമാണെന്നും പൂജ വെളിപ്പെടുത്തി. പേരിനൊരു ചടങ്ങ് നടത്തിയില്ലെങ്കിലും ജീവിതത്തിൽ തങ്ങൾ എന്നും ഒന്നിച്ചുതന്നെയായിരിക്കുമെന്നാണ് പൂജ ബേദി പറയുന്നത്.

പൂജയുടെ വാക്കുകൾ;

ഇന്ന് ഞാൻ മാണിക് കോൺട്രാക്ടറുമായി പ്രണയബന്ധത്തിലാണ്. എട്ടു വർഷമായി ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ട്. ‘എപ്പോഴാണ് വിവാഹം?’ എന്ന് ആളുകൾ വലിയ ആവേശത്തോടെ ചോദിക്കാറുണ്ട്. ഞാൻ ഇനി വിവാഹം കഴിക്കുന്നില്ല എന്നാണ് അതിന് നൽകുന്ന മറുപടി’, പൂജ പറഞ്ഞു.

ഒരാൾ നിങ്ങളുടെ വിരലിൽ മോതിരം അണിയിച്ച് ‘എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം’ എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നതാണ് വിവാഹനിശ്ചയം. ഒരു പങ്കാളിയായും കാമുകനായും ഭർത്താവായും കുട്ടികളുടെ പിതാവായും ജീവിതകാലം മുഴുവൻ കൂടെയുണ്ടാകാൻ ആഗ്രഹിക്കുന്നു എന്ന ഉറപ്പുനൽകലാണ് അത്. ആ കമിറ്റ്‌മെന്റ് മാത്രം മതി’, നടി അഭിപ്രായപ്പെട്ടു.

ഇത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. ഞാൻ ഒരുതവണ വിവാഹവും വിവാഹമോചനവും കഴിഞ്ഞ വ്യക്തിയാണ്. രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിന്റെയും വിവാഹവും വിവാഹമോചനവും കഴിഞ്ഞതാണ്, അദ്ദേഹത്തിനും മക്കളുണ്ട്. വിവാഹം കഴിക്കാതിരുന്നാൽ സ്വത്തുക്കളുടെ കാര്യങ്ങളിൽ പോലും പല സൗകര്യങ്ങളുമുണ്ട്. എന്റെ സ്വത്തുക്കൾ എന്റെ മക്കൾക്ക് ലഭിക്കും; അദ്ദേഹത്തിന്റെ സ്വത്തുക്കൾ അദ്ദേഹത്തിന്റെ മക്കൾക്കും. ഞാനും അദ്ദേഹവും സമ്പാദിക്കുന്നുണ്ട്, രണ്ടുപേരും സ്വതന്ത്രരുമാണ്. സുരക്ഷിതത്വത്തിനായി എനിക്ക് അദ്ദേഹത്തെയോ, സാമ്പത്തിക സുരക്ഷിതത്വത്തിനായി അദ്ദേഹത്തിന് എന്നെയോ ആശ്രയിക്കേണ്ടതില്ല.

ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പത്തിലാണ്. എന്റെ മക്കൾക്ക് അദ്ദേഹത്തെ ഇഷ്ടമാണ്, എനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തെയും. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങൾ എന്നും ഒന്നിച്ചുതന്നെയാണ്.