
വിശാഖപട്ടണത്ത് യുവതി നൽകിയ പീഡന-ഭീഷണി കേസിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ‘ആർ.ആർ.ആർ’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനത്തിലൂടെ പ്രശസ്തനായ ഗായകൻ രാഹുൽ സിപ്ലിഗഞ്ച്. കേസിൽ താൻ ഉൾപ്പെടെ 16 പേർക്കെതിരെ പോലീസിന്റെ എഫ്.ഐ.ആർ ഉണ്ടെങ്കിലും, പരാതിക്ക് ആസ്പദമായ വിഷയം നിലവിൽ ഒത്തുതീർപ്പായതാണെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ‘ബംബിൾ’ എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് പരാതിക്കാരിയായ യുവതി കേസിലെ ഒന്നാം പ്രതിയായ കർപ്പുരപു രാഹുൽ റെഡ്ഡിയെ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി രാഹുൽ റെഡ്ഡി തന്നോട് ലൈംഗികാതിക്രമം കാട്ടിയെന്നും, പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് രാഹുൽ റെഡ്ഡിയുടെ കുടുംബാംഗങ്ങളും ഗായകൻ രാഹുൽ സിപ്ലിഗഞ്ചും ഭാര്യ ഹരിണ്യ റെഡ്ഡിയും ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള എം.വി.പി കോളനി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി നിലവിൽ കൂടുതൽ അന്വേഷണത്തിനായി വനിതാ പോലീസിന് കൈമാറിയിരിക്കുകയാണ്.
എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ രാഹുൽ സിപ്ലിഗഞ്ച്, ഒന്നാം പ്രതിയായ രാഹുൽ റെഡ്ഡി തന്റെ ഭാര്യ ഹരിണ്യയുടെ ബന്ധുവാണെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ പ്രതികരണത്തിൽ അറിയിച്ചു. പരാതിക്കാരിയും രാഹുൽ റെഡ്ഡിയും തമ്മിലുള്ള പ്രണയബന്ധത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം. കഴിഞ്ഞ ജൂലൈയോടെ ഇരുവരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടുകയും ഒത്തുതീർപ്പിൽ എത്തുകയും ചെയ്തിരുന്നു. ഇരുവരും ഒന്നിച്ച് ചെയ്ത വീഡിയോ ഭാര്യ തനിക്ക് അയച്ചുതന്നിരുന്നുവെന്നും ഗായകൻ പറയുന്നു.
നേരത്തെ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച അഭിഭാഷകന്റെ ഇടപെടലാണ് യുവതിയെ പ്രകോപിപ്പിക്കുകയും പോലീസിൽ പരാതി നൽകുന്നതിലേക്ക് നയിക്കുകയും ചെയ്തതെന്നാണ് രാഹുലിന്റെ വാദം. വാർത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയുമായി സംസാരിച്ചിരുന്നുവെന്നും, കേസ് ഒത്തുതീർപ്പിലായ വിവരമറിഞ്ഞ് പ്രകോപിതനായ അഭിഭാഷകനാണ് മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയതെന്ന് യുവതി തന്നോട് പറഞ്ഞതായും രാഹുൽ സിപ്ലിഗഞ്ച് കൂട്ടിച്ചേർത്തു.