നല്ലത് ചെയ്തപ്പോൾ മാവേലിക്ക് എന്തുപറ്റി?, വൈറലായി ഷൈൻ ടോം ചാക്കോയുടെ ഓണം പ്രതികരണം

','

' ); } ?>

ഓൺസ്‌ക്രീനിലെ അഭിനയ മികവു കൊണ്ടുമാത്രമല്ല, മാധ്യമങ്ങൾക്ക് മുന്നിലെ വേറിട്ട പ്രതികരണങ്ങൾ കൊണ്ടും അടിക്കടി ശ്രദ്ധ നേടാറുള്ള നടൻ ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഓണത്തെക്കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ട ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് താരം നൽകിയ ലളിതവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ആരാധകർക്കായി ഓണസന്ദേശം നൽകണമെന്ന ആവശ്യത്തോട്, മഹാബലിയുടെ ഐതിഹ്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് ഷൈൻ പ്രതികരിച്ചത്. ഓണം എങ്ങനെയാണ് ഉണ്ടായതെന്നും മാവേലിക്ക് എന്താണ് സംഭവിച്ചതെന്നും മാധ്യമപ്രവർത്തകരോട് താരം തിരിച്ചു ചോദിക്കുകയായിരുന്നു. നല്ലത് ചെയ്തതുകൊണ്ടാണ് മാവേലി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ മറുപടി നൽകിയപ്പോൾ, ‘അപ്പോൾ നല്ലത് ചെയ്താൽ…’ എന്ന ചോദ്യം മാത്രം ബാക്കിവെച്ച് ഷൈൻ അവിടെനിന്ന് നടന്നുനീങ്ങി. നല്ലത് ചെയ്യുന്നവർക്ക് സമൂഹം നൽകുന്ന അനുഭവത്തെ മഹാബലിയുടെ കഥയിലൂടെ ഒരൊറ്റ വരിയിൽ വ്യക്തമാക്കുകയായിരുന്നു താരം.

പരമ്പരാഗതമായ ആശംസകൾക്ക് പകരം ചിന്തോദ്ദീപകമായ മറുപടി നൽകിയ താരത്തിന്റെ ഈ മാസ്സ് വാക്കോവറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയ നൽകുന്നത്. ലളിതമായ ചോദ്യത്തിലൂടെ വലിയ ജീവിതതത്വം ഓർമ്മിപ്പിച്ച ഷൈനിന്റെ സമയയോചിതമായ ബുദ്ധിയെയും ‘ഓറ’യെയും പുകഴ്ത്തി നിരവധിയാളുകളാണ് പോസ്റ്റിന് താഴെ പ്രതികരിക്കുന്നത്. യഥാർത്ഥത്തിൽ ഓണം കത്തിക്കാൻ ഷൈനിന്റെ ഈ ഒറ്റ ചോദ്യം മതിയെന്നാണ് ആരാധകരുടെ പക്ഷം.