“ടൊവിനോയുടെ മുന്നറിയിപ്പ് അവഗണിച്ചു, കരാറുകളിൽ കുടുക്കി കരിയർ നശിപ്പിച്ചു”; ധ്രുവന്റെ കരിയര്‍ നശിപ്പിച്ചത് ‘മാമാങ്കമാണെന്ന് സെലിബ്രിറ്റി ട്രെയിനർ

','

' ); } ?>

‘ക്വീൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ധ്രുവന്റെ സിനിമാ കരിയറിന് തിരിച്ചടിയായത് ‘മാമാങ്കം’ സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന വെളിപ്പെടുത്തലുമായി സെലിബ്രിറ്റി ട്രെയിനർ ഷൈജൻ അഗസ്റ്റിൻ. ‘ഒറിജിനൽസി’ന് നൽകിയ അഭിമുഖത്തിലാണ് ധ്രുവന് നേരിടേണ്ടി വന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ചും സിനിമാ മേഖലയിലെ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞത്.

‘ക്വീനി’ന്റെ വലിയ വിജയത്തിന് ശേഷം ലഭിച്ച ‘മാമാങ്കം’ പ്രൊജക്റ്റിനായി ഒരു വർഷത്തോളമാണ് ധ്രുവൻ മാറ്റിവെച്ചത്. എന്നാൽ തുടക്കകാലത്ത് ഇത്രയും വലിയൊരു ഇടവേളയെടുക്കുന്നത് കരിയറിനെ ബാധിക്കുമെന്നും നടൻ എന്ന നിലയിൽ ഫേസ് ഔട്ടാകാൻ സാധ്യതയുണ്ടെന്നും നടൻ ടൊവിനോ തോമസ് അന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഷൈജൻ വ്യക്തമാക്കുന്നു. എന്നാൽ ഈ ഉപദേശങ്ങളെല്ലാം മാറ്റിവെച്ച് കഥാപാത്രത്തിനായി ധ്രുവൻ പൂർണ്ണമായി സമർപ്പിക്കുകയായിരുന്നു.

രാവിലെ ജിമ്മും വൈകുന്നേരം കളരിപ്പയറ്റും കടുത്ത ഭക്ഷണക്രമീകരണങ്ങളും പരിക്കുകളുമായി വലിയ രീതിയിലുള്ള ശാരീരിക മാറ്റങ്ങളാണ് ധ്രുവൻ വരുത്തിയത്. എന്നാൽ ഇത്രയും കഠിനാധ്വാനം ചെയ്തിട്ടും വളരെ നിസ്സാരമായി നടനെ ചിത്രത്തിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്. താമസിച്ചിരുന്ന സ്ഥലത്തുനിന്ന് നടന്റെ ബാഗുകൾ വരെ പുറത്തെറിയുന്ന സാഹചര്യമുണ്ടായി. മറ്റ് സിനിമകളിൽ അഭിനയിക്കാൻ സമ്മതിക്കാതെ കർശനമായ കരാറുകളിൽ കുടുക്കി ധ്രുവന്റെ കരിയർ തകർക്കുകയായിരുന്നുവെന്നും ഷൈജൻ ആരോപിക്കുന്നു.

ഈ വിഷമഘട്ടത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ധ്രുവന് അയച്ച സന്ദേശത്തെക്കുറിച്ചും ഷൈജൻ വെളിപ്പെടുത്തി. “ഇതാണ് മലയാള സിനിമ ബ്രദർ” എന്നായിരുന്നു കരിയറിന്റെ തുടക്കത്തിൽ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ പൃഥ്വിരാജിന്റെ മെസ്സേജ്. കരിയറിൽ വലിയ തിരിച്ചടികൾ നേരിട്ടെങ്കിലും മികച്ചൊരു തിരിച്ചുവരവിലൂടെ ധ്രുവൻ സിനിമാരംഗത്ത് സജീവമാകുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് ഷൈജൻ അഗസ്റ്റിൻ അഭിമുഖം അവസാനിപ്പിക്കുന്നത്.