“ടെസ്റ്റ് ഷൂട്ടിൽ അത്ഭുതപ്പെടുത്തി, ഇതിനു മുമ്പ് ആ കഴിവ് കണ്ടത് സായി പല്ലവിയിൽ”; രാധിക ശരത് കുമാർ

','

' ); } ?>

സൂര്യ ചിത്രം ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ‘ മമിത ബൈജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് മുതിര്‍ന്ന നടി രാധിക ശരത്കുമാര്‍. സായി പല്ലവിക്ക് ശേഷം കഥാപാത്രത്തിന്റെ വൈകാരികത ഇത്രയും പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിവുള്ള അപൂർവം നടിമാരിൽ ഒരാളാണ് മമിതയെന്ന് രാധിക വ്യക്തമാക്കി. ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെയായിരുന്നു രാധികയുടെ പ്രതികരണം.

സംവിധായകൻ വെങ്കിയോട് കഥ കേട്ടപ്പോൾ തന്നെ നായികയുടെ തിരഞ്ഞെടുപ്പ് നിർണായകമാണെന്ന് പറഞ്ഞിരുന്നുവെന്ന് രാധിക ഓർത്തെടുത്തു. തുടർന്ന് നടത്തിയ ടെസ്റ്റ് ഷൂട്ടിൽ സങ്കീർണ്ണമായ ഒരു രംഗം അതിവേഗം കൈകാര്യം ചെയ്ത് മമിത അത്ഭുതപ്പെടുത്തിയതോടെ, ഈ കഥാപാത്രത്തിലേക്ക് മമിതയെത്തന്നെ ഉറപ്പിക്കാൻ താൻ സംവിധായകനോട് ആവശ്യപ്പെടുകയായിരുന്നു. മുൻപ് ‘ഡൂഡ്’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് മമിതയെ കണ്ടിട്ടുണ്ടെങ്കിലും, ഒന്നിച്ച് അഭിനയിച്ചപ്പോഴാണ് താരത്തിന്റെ യഥാർത്ഥ കഴിവ് തിരിച്ചറിഞ്ഞതെന്നും സൂര്യയുമായുള്ള മമിതയുടെ കോമ്പിനേഷൻ സീനുകളും ഡാൻസും മികച്ചതായി വന്നിട്ടുണ്ടെന്നും രാധിക കൂട്ടിച്ചേർത്തു.

വിജയ് ചിത്രം ‘ജന നായകന്’ ശേഷം തിയേറ്ററുകളിലെത്തുന്ന മമിതയുടെ ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ഓഗസ്റ്റ് 14-നാണ് റിലീസ് ചെയ്യുന്നത്. ഇതിനോടകം ചിത്രത്തിലെ ഗാനങ്ങൾ തരംഗമായിക്കഴിഞ്ഞു. കൂടാതെ, ‘പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം മമിത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണത്തിന് തിയേറ്ററുകളിലെത്തും. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയാണ് നായകനായെത്തുന്നത്.