അമ്മയുടെ മരണവാർത്തയറിഞ്ഞിട്ടും അഭിനയിച്ചു, സഹതാരമെന്ന നിലയിൽ ആ കാഴ്ചയ്ക്ക് മുന്നിൽ വാക്കുകളില്ലാതായിപ്പോയി; മമിത

','

' ); } ?>

അമ്മയുടെ വേർപാടിന്റെ വേദന ഉള്ളിലൊതുക്കി, അഭിനയിച്ചുകൊണ്ടിരുന്ന കോമഡി രംഗം പൂർത്തിയാക്കിയ ശേഷം മാത്രം സെറ്റിൽ നിന്ന് മടങ്ങിയ നടി രാധിക ശരത്കുമാറിന്റെ പ്രൊഫഷണലിസത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടൻ സൂര്യ. സൂര്യ നായകനാകുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാധികയുടെ ‘അമ്മ മരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ സിതാര എന്റർടെയ്ൻമെന്റ്‌സ് പുറത്തുവിട്ട പ്രത്യേക അഭിമുഖത്തിൽ സംവിധായകൻ വെങ്കി അറ്റ്ലൂറിയും സഹതാരങ്ങളായ സൂര്യയും മമിത ബൈജുവും രാധികയുടെ ഈ അവിശ്വസനീയമായ സമർപ്പണത്തെക്കുറിച്ച് സംസാരിച്ചത് .

ഒരു കോമഡി രംഗത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് രാധികയുടെ അമ്മ ഗീത രാധ അന്തരിച്ചെന്ന വാർത്ത എത്തിയത്. വിവരമറിഞ്ഞ് ഞെട്ടിനിന്ന തന്നോട് “ഈ രംഗം കൂടി പൂർത്തിയാക്കി ഞാൻ പൊയ്ക്കോട്ടേ?” എന്ന് രാധിക ചോദിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ താൻ മരവിച്ചുപോയെന്ന് സംവിധായകൻ വെങ്കി അറ്റ്ലൂരി ഓർത്തെടുക്കുന്നു.

അമ്മയുടെ വേർപാടിൽ തകർന്നുപോയ നിമിഷത്തിലും, കഥാപാത്രത്തിലേക്ക് പൂർണ്ണമായി ഇറങ്ങിച്ചെന്ന് യാതൊരു കുറവും വരുത്താതെ ആ കോമഡി രംഗം രാധിക അഭിനയിച്ചു തീർക്കുകയായിരുന്നുവെന്ന് നടി മമിത ബൈജു പറഞ്ഞു. ഒരു സഹതാരമെന്ന നിലയിൽ ആ കാഴ്ചയ്ക്ക് മുന്നിൽ വാക്കുകളില്ലാതായിപ്പോയെന്നും മമിത വ്യക്തമാക്കി. ഇത്രയും ദീർഘവും വിജയകരവുമായ ഒരു കരിയർ രാധികയ്ക്ക് നിലനിർത്താൻ കഴിഞ്ഞത് സിനിമയോടും സ്വന്തം ജോലിയോടുമുള്ള ഈ ആഴത്തിലുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണെന്നാണ് നടൻ സൂര്യ പ്രതികരിച്ചത്.

അമ്മ ആശുപത്രിയിലായിരുന്ന സമയത്താണ് താൻ ഷൂട്ടിങ്ങിനെത്തിയതെന്നും ആരോഗ്യനില ഗുരുതരമാണെന്ന് അറിയാമായിരുന്നിട്ടും അമ്മ തന്നെയാണ് തന്നോട് ഷൂട്ടിങ്ങിന് പോകാൻ നിർദേശിച്ചതെന്നും രാധിക അഭിമുഖത്തിൽ വ്യക്തമാക്കി.

2025 സെപ്റ്റംബറിലായിരുന്നു രാധികയുടെ അമ്മ ഗീത രാധ അന്തരിച്ചത്. അന്തരിച്ച നടന്‍ എം.ആര്‍. രാധയുടെ ഭാര്യയായിരുന്ന ഗീത രാധയ്ക്ക് 86 വയസ്സായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു മരണം.