
സംവിധായകൻ അരുൺരാജ കാമരാജും നടൻ വിഷ്ണു വിശാലും ഒന്നിക്കാനിരുന്ന ബിഗ് ബജറ്റ് ചിത്രം ഉപേക്ഷിച്ചു. നടൻ വിഷ്ണു വിശാലാണ് ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ക്രിയാത്മകമായ അഭിപ്രായവ്യത്യാസങ്ങളും ബജറ്റ് സംബന്ധമായ പ്രതിസന്ധികളുമാണ് പ്രോജക്റ്റിൽ നിന്ന് പിന്മാറാൻ കാരണമെന്ന് വിഷ്ണു വ്യക്തമാക്കി. ചിത്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് താരത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു വിഷ്ണുവിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ പത്ത് മാസത്തോളമായി ഈ പ്രൊജക്റ്റിനായി കഠിനമായ തയ്യാറെടുപ്പുകളിലായിരുന്നു താനെന്ന് വിഷ്ണു വെളിപ്പെടുത്തി. ‘ഗാട്ടാ ഗുസ്തി 2’ വിന് ശേഷം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്ന സിനിമ ഉപേക്ഷിക്കുക എന്നത് ഏറെ പ്രയാസമേറിയ തീരുമാനമായിരുന്നു. നിലവിൽ ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ബജറ്റ് കൈകാര്യം ചെയ്യുന്നതാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ പദ്ധതി വേണ്ടെന്നുവെക്കുകയായിരുന്നു. തീരുമാനത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും ഇരുവർക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇതെന്നും പറഞ്ഞ താരം അരുൺരാജയുടെ ഭാവി പ്രോജക്റ്റുകൾക്ക് ആശംസകളും നേർന്നു.
കുടുംബ പശ്ചാത്തലത്തിലുള്ള ഒരു സ്പോർട്സ് ആക്ഷൻ ഡ്രാമയായി അണിയറയിൽ ഒരുങ്ങിയിരുന്ന ഈ ചിത്രത്തിന്റെ യഥാർത്ഥ പ്രമേയം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. എന്നാൽ ബോക്സിംഗ് അല്ലെങ്കിൽ ബൗൺസർമാരുടെ ജീവിതമാണ് സിനിമയുടെ കാതൽ എന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ‘കനാ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺരാജയും കായിക പശ്ചാത്തലമുള്ള സിനിമകളിലൂടെ കയ്യടി നേടിയ വിഷ്ണു വിശാലും ഒന്നിക്കുമ്പോൾ വലിയൊരു ഹിറ്റ് പിറക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാ പ്രേമികൾ.
പ്രോജക്റ്റ് ഉപേക്ഷിച്ചതോടെ വിഷ്ണു വിശാൽ തന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. രാംകുമാർ സംവിധാനം ചെയ്യുന്ന ‘ഇരണ്ട് വാനം’ ആണ് വിഷ്ണുവിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. മമിത ബൈജുവാണ് ഇതിൽ നായികയായി എത്തുന്നത്. കൂടാതെ രുദ്ര, പ്രീതി അസ്റാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘യെല്ലോ യെല്ലോ ഡേർട്ടി ഫെല്ലോ’ എന്ന ചിത്രവും അദ്ദേഹം നിർമ്മിക്കുന്നുണ്ട്.