
നടനും തമിഴ് നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വാര്യ വിവാഹമോചന ഹർജി പിൻവലിച്ചതിനു പിന്നാലെ തനിക്കെതിരെ പ്രചരിക്കുന്ന ഗോസിപ്പുകൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും മറുപടി നൽകി നടി തൃഷ കൃഷ്ണൻ. തന്റെ , ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തൃഷയുടെ പ്രതികരണം. “ഈ പ്രായത്തിൽ ഇത്തരം ഡ്രാമകൾ കാണിക്കുന്നത് നാണക്കേടാണ്. പോയി പണിയെടുത്ത് കാശുണ്ടാക്കി സമാധാനം കണ്ടെത്തൂ” എന്നായിരുന്നു തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ച സന്ദേശം.
ഇതിൽ ‘ഈ പ്രായത്തിലെ ഡ്രാമ’ എന്ന പ്രയോഗം താരം പ്രത്യേകം എടുത്തു കാണിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത് പൊതുവായ സൈബർ ട്രോളുകൾക്കുള്ള മറുപടിയല്ലെന്നും, കൃത്യമായി ഒരാളെ മാത്രം ലക്ഷ്യമിട്ട് എഴുതിയതാണെന്നുമാണ് തമിഴകത്തെ പാപ്പരാസികളുടെ വിലയിരുത്തൽ. രണ്ട് ദിവസത്തെ പൂർണ്ണ ഇടവേളയ്ക്ക് ശേഷമാണ് നടി സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായത്.
നടൻ വിജയിയുമായി ബന്ധപ്പെടുത്തി തൃഷയുടെ പേര് മുൻപും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു. വിജയിയും ഭാര്യ സംഗീതയും തമ്മിൽ പിരിയുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ തൃഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വലിയ തോതിൽ സൈബർ ആക്രമണവുമുണ്ടായി. എന്നാൽ വിജയിക്കെതിരെയുള്ള വിവാഹമോചന ഹർജി സംഗീത പിൻവലിച്ചുവെന്നും ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചുവെന്നുമുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ കോടതി വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് ആരാധകരും അല്ലാത്തവരും കൂട്ടത്തോടെ തൃഷയുടെ പ്രൊഫൈലിലേക്ക് കമന്റുകളുമായി എത്തിയത്.
ഇത്തരം ചർച്ചകൾ ശക്തമായതോടെയാണ് നടി രണ്ടുദിവസം സോഷ്യൽ മീഡിയയിൽ നിന്നും മാറിനിന്നത്. തിരിച്ചുവരവിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും മുത്തശ്ശിയുടെ 98-ാം ജന്മദിനാഘോഷത്തിന്റെ സന്തോഷങ്ങളും പങ്കുവെച്ച്, താൻ പ്രിയപ്പെട്ടവർക്കൊപ്പം ജീവിതം ആസ്വദിക്കുകയാണെന്ന് നടി വ്യക്തമാക്കി. ഇതിന് പിന്നാലെ നൽകിയ കുറിക്ക് കൊള്ളുന്ന മറുപടി പോസ്റ്റ് ആരെ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമല്ലെങ്കിലും, തമിഴ് സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ ഇത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.