
കുടുംബപ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് മാറിനിൽക്കുകയാണെന്ന മുൻ തീരുമാനം തിരുത്തി നടൻ രവി മോഹൻ വെള്ളിത്തിരയിൽ പൂർണ്ണ സജീവമാകുന്നു. വൈകാരികമായി എടുത്ത ആ തീരുമാനം ആരാധകരോട് ചെയ്ത വലിയ തെറ്റായിരുന്നുവെന്നും, ഇനി അവർക്കായി എത്ര സിനിമകൾ വേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്നും താരം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘കറാട്ടെ ബോസ്’ ഓഗസ്റ്റ് 28-ന് റിലീസ് ചെയ്യുമെന്നും ആനന്ദ വികടൻ അവാർഡ് വേദിയിൽ സംസാരിക്കവെ അദ്ദേഹം പ്രഖ്യാപിച്ചു.
വിവാഹമോചനം ലഭിക്കുന്നത് വരെ അഭിനയിക്കില്ലെന്ന താരത്തിന്റെ വാക്കുകൾ ആരാധകരെ വലിയ രീതിയിൽ നിരാശരാക്കിയിരുന്നു. എന്നാൽ സുഹൃത്തുക്കളുടെ പിന്തുണയും ആരാധകരുടെ നിരന്തരമായ അഭ്യർത്ഥനയുമാണ് തീരുമാനത്തിൽ മാറ്റം വരുത്താൻ കാരണമായത്. ജീവിതത്തിൽ ഒരു ഘട്ടത്തിൽ വഴുതിവീണപ്പോൾ താഴെ വീഴാൻ അനുവദിക്കാതെ സ്നേഹം കൊണ്ട് പിടിച്ചുനിർത്തിയത് ആരാധകരാണെന്ന് പറഞ്ഞ ജയം രവി, യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്.
തന്നോട് ഇനി ആരും സഹതാപം കാണിക്കരുതെന്ന ശക്തമായ നിലപാടാണ് വേദിയിൽ ജയം രവി പങ്കുവെച്ചത്. സഹതാപത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആളുകളുടെ അനുഭാവമാണ് തനിക്ക് ആവശ്യമെന്നും താരം വ്യക്തമാക്കി. സിനിമയിൽ നിന്ന് മാറിനിൽക്കുമെന്ന പരാമർശം ഇനി അറിയാതെ പോലും നടത്തില്ലെന്നും, ഇനി താൻ ചെയ്യുന്ന ഓരോ ചിത്രവും ആരാധകർക്ക് മാത്രമായി സമർപ്പിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.