“ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചില്ല, പട്ടിക്ക് മെസ്സിയെന്നിടാൻ കാരണമുണ്ട്”; ജൂഡ് ആന്തണി ജോസഫ്

','

' ); } ?>

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുമ്പോൾ, ചിത്രത്തിലെ ‘മെസി’ എന്ന കഥാപാത്രമായ നായയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഫുട്ബോൾ ഇതിഹാസത്തിന്റെ പേര് നായക്ക് നൽകിയതിൽ ചിലർ സോഷ്യൽ മീഡിയയിൽ നീരസം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ജൂഡിന്റെ വിശദീകരണം.

തിരക്കഥയിൽ ‘ഹാരി’ എന്ന പേരാണ് കഥാപാത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്നതെന്ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ജൂഡ് വ്യക്തമാക്കി. എന്നാൽ ആ പേര് വിളിച്ചാൽ നായ നോക്കുകപോലുമില്ലായിരുന്നു. അതിന്റെ യഥാർത്ഥ പേര് ‘മെസി’ എന്നായിരുന്നു. അത് വിളിച്ചപ്പോൾ മാത്രമാണ് അത് ശ്രദ്ധിച്ചത്. മൃഗസ്നേഹികൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട പേരാണ് തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് നൽകുന്നത്. ഇതിഹാസ താരത്തോടുള്ള ബഹുമാനം കൊണ്ടുതന്നെയാണ് ആ പേര് നിലനിർത്തിയതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

മനുഷ്യരെപ്പോലെ മൃഗങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ലെന്നും ഉദ്ദേശിച്ച രംഗങ്ങൾ കിട്ടാൻ നിരവധി ടേക്കുകൾ കാത്തുനിൽക്കേണ്ടി വന്നിട്ടുണ്ടെന്നും ജൂഡ് ഓർത്തെടുത്തു. ചിത്രത്തിൽ നായികയായ മീനുവിന്റെ സന്തതസഹചാരിയായി എത്തുന്ന ‘മെസി’ എന്ന നായയുടെ സാഹസിക പ്രകടനങ്ങൾക്ക് തീയേറ്ററുകളിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്.

അരങ്ങേറ്റ ചിത്രത്തിൽ തന്നെ വിസ്മയയുടെ അഭിനയവും ആക്ഷൻ രംഗങ്ങളും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റം നടത്തുന്ന ചിത്രം ഇതിനോടകം തന്നെ 25 കോടിയോളം രൂപ നേടിക്കഴിഞ്ഞു.