തമിഴ്‌നാട് ക്ഷേത്ര ട്രസ്റ്റി നിയമന സമിതിയിലേക്ക് നിർമാതാവ് അർച്ചന കൽപാത്തി; ഭരണതലത്തിൽ സിനിമാ മേഖലയിലുള്ളവർക്ക് വീണ്ടും പ്രാതിനിധ്യം നൽകി വിജയ് സർക്കാർ

','

' ); } ?>

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഏഴംഗ സംസ്ഥാനതല സമിതിയിൽ സിനിമാ നിർമാതാവും എ.ജി.എസ്. എന്റർടെയ്ൻമെന്റ് സി.ഇ.ഒ.യുമായ അർച്ചന കൽപാത്തിയെ നിയമിച്ച് വിജയ് സർക്കാർ. ഹിന്ദു ധർമസ്ഥാപന വകുപ്പിന് (HR&CE) കീഴിൽ വരുന്നതും 10 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളതുമായ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് ട്രസ്റ്റികളെ ശുപാർശ ചെയ്യുകയാണ് ഈ ഉന്നതാധികാര സമിതിയുടെ പ്രധാന ചുമതല. മൈലം ബൊമ്മപുരം അധീനത്തിലെ ശിവജ്ഞാന ബാലയ്യ സ്വാമികൾ അധ്യക്ഷനായ സമിതിയിൽ വിരമിച്ച ജില്ലാ സെഷൻസ് ജഡ്ജിയാണ് വൈസ് ചെയർമാൻ. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ അടക്കമുള്ള പ്രമുഖർക്കൊപ്പമാണ് അർച്ചന കൽപാത്തിയും സമിതിയിലേക്ക് എത്തുന്നത്.

തമിഴ്‌നാട്ടിലുടനീളം മൾട്ടിപ്ലെക്സ് ശൃംഖലയുള്ള പ്രമുഖ ചലച്ചിത്ര വിതരണ-നിർമാണ സ്ഥാപനമാണ് കൽപാത്തി സഹോദരന്മാർ സ്ഥാപിച്ച എ.ജി.എസ്. എന്റർടെയ്ൻമെന്റ്. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ അർച്ചന കൽപാത്തി, കമ്പനിയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചു വരികയാണ്. വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘ബിഗിൽ’, ‘ഗോട്ട്’ (G.O.A.T) എന്നിവ നിർമിച്ചത് എ.ജി.എസ്. എന്റർടെയ്ൻമെന്റ് ആയിരുന്നു.

സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള പ്രമുഖരെ ഭരണപരമായ ഉയർന്ന പദവികളിൽ വിജയ് സർക്കാർ നിയമിക്കുന്നത് ഇതാദ്യമല്ല. വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകൻ’ സിനിമയുടെ നിർമാതാവ് വെങ്കട് കെ. നാരായണയെ മുൻപ് ഡൽഹിയിലെ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. കൂടാതെ, വിജയ്‌യുടെ മുൻ മാനേജരും ‘ദ റൗട്ട്’ എന്ന സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയുടെ ഉടമയുമായ ജഗദീഷ് പളനിസ്വാമിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിനോദരംഗത്തുനിന്നുള്ള മറ്റൊരു പ്രമുഖയ്ക്കു കൂടി സർക്കാരിൽ സുപ്രധാന ചുമതല നൽകിയിരിക്കുന്നത്.