
ആരാധികമാരുടെ കവിളിലും ചുണ്ടിലും ചുംബിച്ച് വിവാദത്തിലായ സഹപ്രവർത്തകൻ ഉദിത് നാരായണനെ ട്രോളി പ്രമുഖ ഗായകൻ കുമാർ സാനു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഉദിത് നാരായണന്റെ പഴയ ചുംബന വിവാദത്തെ കുറിച്ച് തമാശരൂപേണയുള്ള കുമാർ സാനുവിന്റെ പരാമർശം. നിങ്ങൾക്ക് വലിയൊരു വനിതാ ആരാധകവൃന്ദമുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകവേയാണ് താരം ഈ വിഷയം പരാമർശിച്ചത്.
“എന്നെ ആരും വന്ന് ചുംബിച്ചിട്ടില്ല, ഞാൻ ആരെയും തിരിച്ചു ചുംബിച്ചിട്ടുമില്ല. അത്തരം കാര്യങ്ങളൊന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല” എന്നായിരുന്നു ചിരിയോടെയുള്ള പ്രതികരണം. 90-കളിൽ ബോളിവുഡ് സംഗീത ലോകത്ത് തങ്ങൾ പരസ്പരം കടുത്ത മത്സരത്തിലായിരുന്നുവെങ്കിലും നിലവിൽ ഉദിത് നാരായണനുമായി മികച്ച സൗഹൃദമാണ് ഉള്ളതെന്നും, ഇപ്പോൾ തങ്ങൾക്കിടയിൽ നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സംഗീത പരിപാടിക്കിടെ സെൽഫിയെടുക്കാൻ എത്തിയ വനിതാ ആരാധകരെ ഉദിത് നാരായണൻ ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ആരാധിക കവിളിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ ഗായകൻ അവരുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ സംഭവം വിവാദമായി. എന്നാൽ, ഇത് ആരാധകരുടെ സ്നേഹപ്രകടനം മാത്രമാണെന്നും വലിയ പ്രശ്നമാക്കേണ്ടതില്ലെന്നും വിശദീകരിച്ച് പിന്നീട് ഉദിത് നാരായണൻ രംഗത്തെത്തിയിരുന്നു.