“ഇന്ന് അവാർഡ് വാങ്ങിയ കുട്ടികളിൽ ഒരാളിൽ നിന്ന് നാളെ എനിക്ക് അവാർഡ് കിട്ടണം”: കൈയടി നേടി ആസിഫ് അലിയുടെ വാക്കുകൾ

','

' ); } ?>

ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ ദൗത്യത്തിന് നേതൃത്വം നൽകുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ‘കേരളത്തിന്റെ സ്വന്തം സൂപ്പർമാൻ’ എന്ന് വിശേഷിപ്പിച്ച് നടൻ ആസിഫ് അലി. തൃക്കാക്കര മണ്ഡലത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കായി സംഘടിപ്പിച്ച ‘പി.ടി. തോമസ് എഡ്യൂക്കേഷണൽ എക്‌സലൻസ് അവാർഡ്’ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയെക്കുറിച്ച് ഏറ്റവും കൂടുതൽ കരുതലോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നേതാവാണ് ചെന്നിത്തലയെന്നും താരം കൂട്ടിച്ചേർത്തു. കാക്കനാട് രാജഗിരി എഞ്ചിനീയറിങ് കോളേജിൽ നടന്ന പരിപാടി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്.

തൊടുപുഴക്കാരനായ തനിക്ക് ‘പി.ടി’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന പി.ടി. തോമസിന്റെ പേരിലുള്ള പുരസ്കാരം സമ്മാനിക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയൊരു നേട്ടമാണെന്നും ആസിഫ് അലി പറഞ്ഞു. പത്താം ക്ലാസിൽ ബോർഡിങ് സ്കൂളിൽ പഠിക്കുമ്പോൾ മഞ്ഞപ്പിത്തം പിടിപെട്ട് തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലായ ബാല്യകാല ഓർമയും നടൻ വേദിയിൽ പങ്കുവെച്ചു. അന്ന് മുൻസിപ്പൽ കൗൺസിലറായിരുന്ന പിതാവാണ് പി.ടി. തോമസ് കാണാൻ വരുന്ന വിവരം അറിയിച്ചത്. ആശങ്കയോടെ കിടന്ന തന്റെ അടുത്ത് 15 മിനിറ്റോളം സംസാരിച്ച് ഭയം മാറ്റുകയും, നല്ലൊരു വിദ്യാർത്ഥിയായി വളരാൻ ഉപദേശിക്കുകയും ചെയ്തത് പി.ടിയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഉമ തോമസിനെ ആദ്യമായി കാണുന്നതും അന്നാണെന്ന് താരം ഓർത്തെടുത്തു.

സ്കൂൾ-കോളേജ് പഠനകാലത്ത് തനിക്ക് എക്സലൻസ് അവാർഡുകളൊന്നും ലഭിച്ചിട്ടില്ലെന്നും, സ്വന്തം പ്രൊഫഷനായ സിനിമയിൽ നിന്ന് അത്തരമൊരു പുരസ്കാരം നേടാനാണ് ഇനി ആഗ്രഹിക്കുന്നതെന്നും ആസിഫ് നർമരൂപേണ പറഞ്ഞു. ഭാവിയിൽ ചടങ്ങിൽ അവാർഡ് വാങ്ങിയ ഏതെങ്കിലും ഒരു കുട്ടിയുടെ കയ്യിൽ നിന്ന് സിനിമയിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ സാധിക്കട്ടെയെന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് ആസിഫ് അലി പ്രസംഗം അവസാനിപ്പിച്ചത്.

ആസിഫ് അലിയുടെ വാക്കുകൾ:

“പി.ടി എന്ന് ഞങ്ങൾ തൊടുപുഴക്കാർ സ്നേഹത്തോടെ വിളിക്കുന്ന പി.ടി. തോമസിന്റെ പേരിലുള്ള ഒരു എക്സല്ലൻസ് അവാർഡ് കൊടുക്കാൻ എന്നെ വിളിക്കുക എന്ന് പറയുന്നത് എന്റെ പേഴ്സണൽ ലൈഫിൽ വലിയൊരു അച്ചീവ്മെന്റ് തന്നെയാണ്. ഞാൻ പത്താം ക്ലാസിൽ ബോർഡിങ് സ്കൂളിൽ നിന്നാണ് പഠിച്ചത്. എല്ലാ ഹോസ്റ്റലിലും സംഭവിക്കുന്നതുപോലെ എനിക്ക് അവിടുന്ന് ഒരു ദിവസം ഒരു പനി കിട്ടി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മഞ്ഞപ്പിത്തം ആണെന്ന് ഡോക്ടേഴ്സ് പറഞ്ഞു അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഒരാഴ്ചത്തോളം തൊടുപുഴ സെന്റ് മേരിസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.അന്ന് എന്റെ അച്ഛൻ തൊടുപുഴയിലെ മുൻസിപ്പൽ കൗൺസിലർ ആണ്. വളരെ ആവേശത്തോടുകൂടി വാപ്പ അകത്തേക്ക് കയറി വന്ന് ഡ്രിപ്പ് ഇട്ട് കിടക്കുന്ന എന്റെ അടുത്ത് വളരെ ആവേശത്തോടെ പറഞ്ഞു, ‘പി.ടി. തോമസ് വരുന്നുണ്ട് നിന്നെ കാണാൻ’.

ആ പ്രായത്തിൽ ഒരു രാഷ്ട്രീയക്കാരനെ ഞാൻ അത്രയും ശ്രദ്ധിച്ചിട്ടില്ല. വാപ്പയുടെ എക്സൈറ്റ്മെന്റ് കണ്ടപ്പോൾ ആ ക്ഷീണത്തിന്റെ ഇടയിലും ഞാൻ ആ പേര് ഓർത്തുവച്ചു. ഞാൻ ആശുപത്രിയിൽ കിടക്കുന്നതിന്റെ ടെൻഷനിലായിരുന്നു വാപ്പ. പക്ഷേ എല്ലാ പേടിയും ടെൻഷനും ഒരു 15 മിനുട്ട് ഇരുന്ന് സംസാരിച്ച് അദ്ദേഹം (പി.ടി) മാറ്റി കൊടുത്തു. എങ്ങനെ ഒരു നല്ല സ്റ്റുഡന്റ് ആയിട്ട് വളരാമെന്ന് ആ ബെഡിൽ കിടന്ന എന്നോട് ഉപദേശിക്കുകയും ചെയ്തു. ബെഡിന്റെ ഒരു സൈഡിൽ ഉമ ചേച്ചി ഉണ്ടായിരുന്നു. അന്നാണ് ഞാൻ ഉമ ചേച്ചിയെ ആദ്യമായിട്ട് കാണുന്നത്.

എന്റെ പ്രൊഫഷനായ സിനിമയിൽ നിന്ന് ഒരു എക്സല്ലൻസ് അവാർഡ് എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഇന്ന് ഈ അവാർഡിന് അർഹരായി ഈ വേദിയിൽ എവിടെയോ ഇരിക്കുന്ന ഏതെങ്കിലും ഒരു കുട്ടിയുടെ കയ്യിൽ നിന്നായിരിക്കണം ആ അവാർഡ് ലഭിക്കേണ്ടത്.