
പക്ഷാഘാതത്തെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രശസ്ത ഹാസ്യകലാകാരൻ ഉല്ലാസ് പന്തളത്തിന് ആശ്വാസവുമായി നടൻ ബാല. ഓണത്തോടനുബന്ധിച്ച് ഉല്ലാസിന്റെ വസതിയിലെത്തിയ ബാല, കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറുകയും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കുന്നത് വരെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. “ഒരാൾ തളർന്നിരിക്കുമ്പോൾ നാല് പേര് ചേർന്ന് കൈ കൊടുക്കണമെന്നും, ആരോഗ്യം എല്ലാം ശരിയായി കഴിഞ്ഞ് മമ്മൂട്ടി, മോഹൻലാൽ സർ കൂടി അഭിനയിക്കുമ്പോൾ നമ്മളെ മറക്കല്ലേയെന്നും ബാല പറഞ്ഞു.”
‘‘ഒരു ഭാഗം സ്ട്രോക്ക് വന്ന് തളർന്നിരിക്കുകയാണ്. ഒരാൾ തളർന്നിരിക്കുമ്പോൾ നാല് പേര് ചേർന്ന് കൈ കൊടുക്കണം. അതാണ് ഏറ്റവും വലിയ ദൈവ തുണ. ഇത് ഓണത്തിന് താങ്കളുടെ കുടുംബത്തിന്. ആരോഗ്യം ശരിയാകുന്നതു വരെ ഞാൻ നോക്കിക്കൊള്ളാം. ആരോഗ്യം എല്ലാം ശരിയായി കഴിഞ്ഞ് മമ്മൂട്ടി, മോഹൻലാൽ സർ കൂടി അഭിനയിക്കുമ്പോൾ നമ്മളെ മറക്കല്ല. സന്മനസ്സുളളവർ അദ്ദേഹത്തെ സഹായിക്കുക, ചികിത്സയ്ക്ക് ഇനിയും പണം ആവശ്യമാണ്. എത്രയോ പേരെ ചിരിപ്പിച്ച കലാകാരന്റെ തിരിച്ചുവരവിനു വേണ്ടി ആത്മാർഥമായി പ്രാർഥിക്കുക.’’ ബാല പറഞ്ഞു.
കഴിഞ്ഞ വർഷമാണ് അപ്രതീക്ഷിതമായി ബാധിച്ച പക്ഷാഘാതം ഉല്ലാസ് പന്തളത്തിന്റെ ജീവിതത്തിൽ വില്ലനായത്. ശരീരത്തിന്റെ ഇടതുഭാഗം ഭാഗികമായി തളർന്നതോടെ സജീവമായിരുന്ന അഭിനയ-മിമിക്രി വേദികളിൽ നിന്ന് അദ്ദേഹത്തിന് പെട്ടെന്ന് മാറിനിൽക്കേണ്ടി വന്നു. രോഗബാധിതനായതോടെ ഒപ്പമുണ്ടാകുമെന്ന് കരുതിയ പലരും കൈവിട്ടപ്പോഴും ‘മുന്തിരിപ്പന്തൽ’ എന്ന ഹോട്ടൽ സംരംഭവും ഏതാനും സുഹൃത്തുക്കളുടെ പിന്തുണയുമാണ് അദ്ദേഹത്തിന് കരുത്തായത്. ഈ തിരിച്ചടികളെ അതിജീവിച്ച് വീണ്ടും വേദികളിലേക്ക് മടങ്ങിവരാനുള്ള തീവ്രശ്രമത്തിലാണ് താരം.
മിമിക്രി വേദികളിലൂടെ കലാജീവിതം ആരംഭിച്ച പന്തളം സ്വദേശിയായ ഉല്ലാസ്, ടെലിവിഷൻ റിയാലിറ്റി ഷോയായ ‘കോമഡി സ്റ്റാർസി’ലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. തനതായ ശൈലിയിലുള്ള കൗണ്ടർ തമാശകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. പ്രിയ കലാകാരന്റെ വേഗത്തിലുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് കലാ ലോകവും ആരാധകരും.