
ചലച്ചിത്ര മേഖലയിലെ ഡബ്ബിങ് കലാകാരന്മാർക്ക് അർഹമായ അംഗീകാരമോ പരിഗണനയോ സമൂഹത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് പ്രമുഖ ഡബ്ബിങ് ഡയറക്ടർ നീതു. സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ വരെ നേടിയ പ്രഗത്ഭരുള്ള ഈ മേഖലയെ പലരും തികച്ചും ലളിതമായ ഒരു ജോലിയായാണ് കാണുന്നതെന്നും അവർ വിമർശിച്ചു. കൂടാതെ 9 വർഷമായി താനി ഫീൽഡിൽ ഉണ്ടെന്നും എന്നിട്ടും തന്നെ ഒരു ഇന്റർവ്യൂവിന് ക്ഷണിക്കാൻ സ്‌പൈഡർമാൻ പോലൊരു സിനിമ വരേണ്ടി വന്നുവെന്നും നീതു കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഏറെ കഠിനാധ്വാനവും വൈദഗ്ധ്യവും ആവശ്യപ്പെടുന്ന ഒന്നാണ് ഡബ്ബിങ് എന്ന് നീതു വ്യക്തമാക്കുന്നു. ഓരോ കഥാപാത്രത്തിനും അനുയോജ്യമായ രീതിയിൽ ശബ്ദമെത്തിക്കാൻ കലാകാരന്മാർ വലിയ പരിശ്രമമാണ് നടത്തുന്നത്. എന്നാൽ ഇത്രയധികം അധ്വാനിക്കുന്നവരെ ആളുകൾ തിരിച്ചറിയുകയോ അർഹിച്ച പ്രാധാന്യം നൽകുകയോ ചെയ്യുന്നില്ല. ദേശീയ-സംസ്ഥാന തലങ്ങളിൽ അംഗീകരിക്കപ്പെട്ട മികച്ച കലാകാരന്മാരെപ്പോലും പൊതുസമൂഹത്തിന് തിരിച്ചറിയാൻ സാധിക്കാത്തത് ഈ മേഖല നേരിടുന്ന പ്രധാന തിരിച്ചടിയാണെന്ന് നീതു ചൂണ്ടിക്കാട്ടി.
നീതുവിന്റെ വാക്കുകൾ;
“ഡബ്ബിങ് എന്ന് പറയുന്നത് ചെറിയ പണിയല്ല. ഓരോ മേഖലകളായി തരാം തിരിഞ്ഞ് അത്യാവശ്യം വൃത്തിക്ക് ചെയുന്ന ഒരു പണിയാണ്. നല്ല ഹാർഡ് വർക്ക് ഞങ്ങൾ ഇതിൽ ചെയ്യുന്നുണ്ട്. പക്ഷെ ഞങ്ങളെ പോലുള്ളവരെ ആളുകൾ തിരിച്ചറിയുന്നില്ല. വേണ്ട രീതിയിലുള്ള പരിഗണനയും ലഭിക്കാറില്ല. സംസ്ഥാന അവാർഡുകളും, നാഷണൽ അവാർഡുകളും വാങ്ങിക്കുന്ന ആളുകൾ ഞങ്ങൾക്കിടയിലുണ്ട്. അവരെ പോലും ആളുകൾക്ക് അറിയില്ല. അത്യാവശ്യം ഫേമസ് ആയിട്ടുള്ള കുറച്ച് ഡബ്ബിങ് ആർട്ടിസ്റ്റുണ്ട്. അവരൊന്നും ഇപ്പോൾ ഫീൽഡിലില്ല. പക്ഷെ അവരെ മാത്രമേ ആളുകൾക്കറിയുകയൊള്ളു. ഞങ്ങളൊക്കെ നല്ല പണി എടുക്കുന്നവരാണ്. ഞാൻ തന്നെ ഈ ഫീൽഡിൽ വന്നിട്ട് ഇപ്പം 9 കൊല്ലമായി. എന്നിട്ടും എന്നെ ഒരു ഇന്റർവ്യൂവിന് ക്ഷണിക്കാൻ സ്പൈഡർ മാനെ പോലൊരു സിനിമ വരേണ്ടി വന്നു.”