ഈ സൈബർ കുരച്ചു ചാട്ടക്കാർക്ക് മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ “തുടക്കം”; വിസ്മയക്ക് പിന്തുണയുമായി സരിത ബാലകൃഷ്ണൻ

','

' ); } ?>

നടി വിസ്മയമോഹൻലാലിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് നടി സരിത ബാലകൃഷ്ണൻ. വിമർശനം ആകാമെന്നും എന്നാൽ അത് “തുടക്കം” കണ്ടിട്ട് ആകണമെന്നും സരിത പറഞ്ഞു. കൂടാതെ ഈ സൈബർ കുരച്ചു ചാട്ടക്കാർക്ക് മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ “തുടക്കം” എന്നും സരിത കൂട്ടിച്ചേർത്തു.

സരിത ബാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ

പണ്ടൊക്കെ ഒരു സിനിമ കണ്ടു കഴിഞ്ഞാൽ , കഥ കൊള്ളാമോ എന്ന് നോക്കണം, അഭിനയം എങ്ങനെയുണ്ടെന്ന് വിലയിരുത്തണം. എത്ര ബോറായിരുന്നു ആ കാലം! പക്ഷെ ഇപ്പോൾ കഥ മാറി! പടം റിലീസ് ചെയ്യാൻ ഇനിയും ദിവസമെടുക്കും. അതിന് മുന്നേ ഇറങ്ങിയ ഒരു കുഞ്ഞു വീഡിയോയിൽ പെൺകുട്ടി കൈ ഒന്നു പൊക്കിയപ്പോൾ തല ഒന്ന് ചരിച്ചപ്പോൾ തന്നെ, “അയ്യോ! ഇത് കൈവെട്ടലല്ല, തലവെട്ടലാണ്” എന്ന് അളവുനാട വെച്ച് അളന്നു തിട്ടപ്പെടുത്തിയ സർവ്വവിജ്ഞാനികളായ സൈബർ പണ്ഡിതന്മാരോട് ഒന്നു ചോദിച്ചോട്ടെ—ഇത്രയും വലിയ നിരീക്ഷണ പാടവം കൈയിലുവെച്ചുകൊണ്ടാണോ നിങ്ങളൊക്കെ രാത്രി ഒൻപത് മണിക്ക് മുന്നേ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നത്?

ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്ന് സംസാരിക്കുമ്പോൾ ഏതൊരു സാധാരണ മനുഷ്യനും ഉണ്ടാകുന്ന ഒരു ലൈറ്റ് പേടിയുണ്ട്, അതിനെയാണ് നമ്മൾ ‘സ്റ്റേജ് ഫിയർ’ എന്ന് വിളിക്കുന്നത്. എന്നാൽ നമ്മൾ മലയാളികൾ അത്ര പാവങ്ങളല്ലല്ലോ! “സ്വാഭാവികതയോ? അത് ഞങ്ങൾക്ക് വേണ്ട, നാടകം കളിച്ചാൽ മതിയെന്ന്” പറയുന്ന കുറച്ച് കുരുപൊട്ടൽ ജീവികൾ കമന്റ് ബോക്സിൽ ചാടിവീണു. ഒരു പെൺകുട്ടി, അതും സിനിമയിലേക്ക് കാലെടുത്ത് വെക്കുന്ന ഒരു പുതുമുഖം, അവൾ അഭിനയിച്ച സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യാമറയ്ക്ക് മുന്നിൽ അവളുടെ ഉള്ളിലെ സകല സന്തോഷവും പരിഭ്രമവും അങ്ങനെ തന്നെ തുറന്നുകാട്ടിയതാണ് ഇവിടെ വലിയ ‘ദേശീയ അപരാധം’!

ഇനി ഇതിന്റെ യഥാർത്ഥ ലോജിക് നോക്കാം. പെൺകുട്ടിയുടെ കൈയനക്കം കണ്ടിട്ടല്ല ഇവിടെ ചിലർക്ക് വയറിളക്കം വന്നത്. ആ കുട്ടി ജെൻ-സി (Gen Z) പിള്ളേരുടെ പ്രക്ഷോഭത്തിന് പിന്തുണ കൊടുത്ത് എന്നു രണ്ട് വാക്ക് പറഞ്ഞോ, അന്നേ തുടങ്ങിയതാണ് ചിലരുടെ ഉറക്കംകെടൽ! “മോഹൻലാലിന്റെ മകളല്ലേ, ഒതുങ്ങി ജീവിച്ചൂടേ? സ്വന്തമായി അഭിപ്രായം പറയാൻ ഇവൾക്കത്ര ധൈര്യമോ?” എന്ന ആറാം തമ്പുരാൻ കാലത്തെ അസഹിഷ്ണുതയാണ് ഈ ‘കൈവെട്ടൽ-തലവെട്ടൽ’ ട്രോളുകളായി ഒലിച്ചിറങ്ങുന്നത്!

മറ്റുള്ളവരുടെ വീട്ടിലെ പെൺകുട്ടികൾ ക്യാമറയ്ക്ക് മുന്നിൽ വന്നാൽ പെണ്ണെന്ന പരിഗണന പോയിട്ട് ഒരു മനുഷ്യനെന്ന മര്യാദ പോലും കൊടുക്കാതെ തെറിവിളിക്കുന്ന ഈ ‘ബോധമുള്ള പൗരന്മാർക്ക്’ വേറെ പണിയൊന്നുമില്ലേ സഹോദരങ്ങളേ? “അവൾക്ക് അഭിനയിക്കാൻ അറിയില്ല, പടം പൊട്ടും” എന്ന് സിനിമ കാണുന്നതിന് മുന്നേ ജാതകം എഴുതുന്ന ഈ ജോത്സ്യന്മാരെ നമ്മൾ മ്യൂസിയത്തിൽ വെച്ച് സംരക്ഷിക്കേണ്ടതാണ്.

ലാലേട്ടന്റെ മകളായതുകൊണ്ട് മാത്രം വണ്ടികയറി വന്നതാണെന്ന് ലേബലൊട്ടിക്കുന്നവരോട് ഒന്നുമാത്രം: വിസ്മയയുടെ എഴുത്തും വരയും മാർഷൽ ആർട്സുമൊക്കെ അവിടെ നിൽക്കട്ടെ, ആ പെൺകുട്ടിക്ക് അഭിനയിക്കാൻ അറിയാമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളുടെ ഈ അഴുകിയ കമന്റ് ബോക്സല്ല, തിയേറ്ററിലെ വെള്ളിത്തിരയാണ്!

മറ്റുള്ളവരുടെ ആത്മവിശ്വാസം തകർത്ത് സ്വയം വിജയികളാണെന്ന് കരുതുന്ന അല്പന്മാർക്ക് മുന്നിൽ, സ്വന്തം ശൈലിയിലും നിലപാടുകളിലും ഉറച്ചുനിൽക്കുന്ന വിസ്മയയ്ക്ക് തന്നെയാണ് കയ്യടി. വിമർശനം ആകാം, പക്ഷെ അത് പടം കണ്ടിട്ടാവാം. സോഷ്യൽ മീഡിയ ആൾക്കൂട്ട ആക്രമണങ്ങളെ വലിച്ച് താഴെയിട്ട്, വിസ്മയയുടെ ‘തുടക്കം’ തിയേറ്ററുകളിൽ തന്നെ തകർക്കട്ടെ! മുന്നോട്ട് പോകൂ വിസ്മയ… ഈ സൈബർ കുരച്ചുചാട്ടക്കാർക്ക് മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ ‘തുടക്കം’!

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. ഇതിനിടെ വിസ്മയയ്ക്ക് നേരെ ചിലർ രം​ഗത്ത് എത്തിയിട്ടുണ്ട്. സിനിമ റിലീസിന് മുൻപ് തന്നെ അതിന്റെ വിധി എഴുതുന്ന തരത്തിൽ നെ​ഗറ്റീവ് പോസ്റ്റുകളും കമന്റുകളും ട്രോളുകളും വരുന്നുണ്ട്. ഒപ്പം വിസ്മയയെ ബോഡി ഷെയ്മിങ്ങും നടത്തുന്നുണ്ട്. നേരത്ത് സിജെപി പ്രതിഷേധത്തെ വിസ്മയ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് എതിരെ സൈബർ അറ്റാക്കുകൾ നടക്കുന്നത്.