
നോട്ട് ബുക്ക് സിനിമയുടെ ആദ്യ ഷോയ്ക്ക് തിയേറ്ററിൽ വലിയ രീതിയിലുള്ള കൂവൽ ആണ് ലഭിച്ചതെന്ന് തുറന്നു പറഞ്ഞ് തിരക്കഥാകൃത്ത് സഞ്ജയ്. സിനിമയിലെ ഡയലോഗുകൾ പോലും വ്യക്തമായി കേൾക്കാൻ സാധിക്കാത്ത തരത്തിലുള്ള കൂവലാണ് ആദ്യ ഷോയ്ക്ക് തിയേറ്ററുകളിൽ ഉയർന്നതെന്ന് സഞ്ജയ് ഓർത്തെടുക്കുന്നു. പ്രത്യേകിച്ച് മാമ്പഴത്തെക്കുറിച്ചുള്ള രംഗങ്ങളിലൊക്കെ പ്രേക്ഷകർ നിർത്താതെ ബഹളം വെക്കുകയായിരുന്നുവെന്ന് സഞ്ജയ് കൂട്ടിച്ചേർത്തു. ‘പോർട്രയൽസ് ബൈ ഗദ്ദാഫി’ എന്ന പോഡ്കാസ്റ്റിലാണ് സിനിമ നേരിട്ട ആദ്യ തിരിച്ചടിയെക്കുറിച്ചും പിന്നീട് കൈവരിച്ച അവിശ്വസനീയമായ തിരിച്ചുവരവിനെക്കുറിച്ചും സഞ്ജയ് മനസ്സ് തുറന്നത്.
‘നോട്ട്ബുക്കിന്റെ റിലീസ് ദിവസം ഭയങ്കര കൂവൽ ആയിരുന്നു. ആ കൂവൽ എന്ന് പറഞ്ഞാൽ, തിയറ്ററിൽ നിന്ന് ഒരു ഡയലോഗ് പോലും കേൾക്കാൻ പോലും പറ്റാത്ത തരത്തിലുള്ള കൂവലായിരുന്നു. മാമ്പഴത്തെ കുറിച്ച് പറയുന്ന സീനിലൊക്കെ നിർത്താതെ കൂവലായിരുന്നു. എന്താണ് കാര്യം എന്നുള്ളത് ഞങ്ങൾക്കറിയില്ല. ഇത്രത്തോളം കൂവൽ കിട്ടിയ ഒരു സിനിമ, ഞങ്ങളുടെ എന്നല്ല, നിങ്ങൾ പുറത്തു പോലും കണ്ടിട്ടുണ്ടാകില്ല.
അന്നൊക്കെ റിവ്യൂകൾ പ്രിന്റ് മാധ്യമങ്ങളിലൂടെയായിരുന്നു വന്നിരുന്നത്. ചിലത് നല്ലതായിരുന്നെങ്കിലും പല റിവ്യൂകളും നെഗറ്റീവായിരുന്നു. റിലീസ് ദിവസം തന്നെ തിയേറ്ററിൽ സിനിമ കണ്ടപ്പോൾ ലഭിച്ച പ്രതികരണം കണ്ടിട്ട് ഈ സിനിമ വലിയ പരാജയമാകുമെന്നാണ് എനിക്ക് തോന്നിയത്. സിനിമാജീവിതത്തിന്റെ തുടക്കം തന്നെ അങ്ങനെയൊരു അവസ്ഥയിലൂടെയായിരുന്നു കടന്ന്പോയിരുന്നത്.’ സഞ്ജയ് പറഞ്ഞു.
‘പക്ഷേ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറിത്തുടങ്ങി. ഞാനും റോഷനും അന്ന് എറണാകുളത്തെ കവിത തിയേറ്ററിന് സമീപത്തായിരുന്നു താമസിച്ചിരുന്നത്. അവിടെ നിന്ന് ആളുകൾ സിനിമ കണ്ട് ഇറങ്ങുന്നതും വരുന്നതും എല്ലാം കാണാമായിരുന്നു. സിനിമ പരാജയമാണെന്ന വാർത്തകൾ വന്നുകൊണ്ടിരുന്ന സമയത്താണ് റിലീസ് കഴിഞ്ഞ് മൂന്നാം ദിവസം സെക്കൻഡ് ഷോ കഴിഞ്ഞിറങ്ങിയ ഒരു കൂട്ടം യുവാക്കൾ ഞങ്ങളെ കാണുന്നത്. അവർ ഞങ്ങളെ നോക്കി തംപ്സ് അപ് തന്നു. അവിടെ ഞങ്ങൾക്ക് തോന്നി. ഈ സിനിമ വീഴാൻ പോകുന്നില്ല എന്ന്. കാരണം ഞങ്ങളുടെ ടാർഗറ്റ് ഓഡിയൻസ് ആയിരുന്നു അത്. അവിടെയാണ് ഈ സിനിമ അങ്ങനെ പോകില്ല എന്ന് തോന്നിയത്.’ സഞ്ജയ് കൂട്ടിച്ചേർത്തു.
റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘നോട്ട്ബുക്ക്.’ ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥയൊരുക്കിയ ചിത്രം തിയേറ്ററിൽ ആദ്യ ദിനങ്ങളിൽ മോശം പ്രതികരണമാണ് നേടിയെങ്കിലും പിന്നീട് യുവാക്കൾ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു. മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നായി ഇപ്പോഴും സിനിമ ഓർമിക്കപ്പെടുന്നുണ്ട്.