‘ഇന്ത്യനായിരിക്കുന്നത് തെറ്റാണോ?’: ‘സംഘി’ വിളികൾക്കും, സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി ആർ. മാധവൻ

','

' ); } ?>

ബോക്സ് ഓഫീസിൽ വൻ വിജയം കൊയ്ത ‘ധുരന്ധർ’ എന്ന ചിത്രത്തിന് നേരെ ഉയർന്ന പ്രൊപ്പഗാൻഡ ആരോപണങ്ങൾക്കും വ്യക്തിപരമായ സൈബർ ആക്രമങ്ങൾക്കും മറുപടിയുമായി നടൻ ആർ. മാധവൻ. ബി.ജെ.പി സർക്കാരിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ നേരിടുന്ന ‘സംഘി’ വിളികളോടും, ചിത്രത്തെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ വിവാദങ്ങളോടും താരം വ്യക്തമായ നിലപാട് വ്യക്തമാക്കി. ‘ഗലാട്ട പ്ലസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മാധവൻ തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്. പ്രൊപ്പഗാൻഡ ചിത്രമെന്ന ആരോപണങ്ങളെയും, അതിൽ അഭിനയിക്കുന്നവരെ രാഷ്ട്രീയമായി മുദ്രകുത്തുന്ന സോഷ്യൽ മീഡിയ ട്രെൻഡുകളെയും എങ്ങനെ സമീപിക്കുന്നുവെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് താരം വിഷയത്തിൽ മനസ്സ് തുറന്നത്.

”അത് കണ്ടുപിടിക്കുക എളുപ്പമാണ്. ആരാണ് കമന്റിട്ടത്, അവര്‍ എപ്പോഴാണ് ആ അക്കൗണ്ട് തുടങ്ങിയത്, അത് ബോട്ടാണോ പെയ്ഡ് ആണോ എന്ന് കണ്ടു പിടിക്കുക എളുപ്പമാണ്. പക്ഷെ അതല്ല എന്റെ പോയന്റ്. എന്റെ പോയന്റ് എന്താണെന്ന് വച്ചാല്‍, എല്ലവരും അവരവരുടെ കണ്ടീഷനിങിന്റെ പ്രൊഡക്ടാണ്. നമ്മുടെ രാജ്യാണ് പ്രധാനം എനിക്ക് ചെറുപ്പം മുതലേ പറഞ്ഞു തന്നിട്ടുണ്ട്.

‘ഞാന്‍ ഒരു പാര്‍ട്ടിയെക്കുറിച്ചും, നേതാവിനെക്കുറിച്ചും ഇതുവരേയും മോശമായൊന്നും സംസാരിച്ചിട്ടില്ല. ആരെങ്കിലും നല്ലത് ചെയ്താല്‍ പറയും. സ്റ്റാലിന്‍ സാര്‍ നല്ലത് ചെയ്തപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. ഒരാളെ പ്രധാനമന്ത്രിയായും മുഖ്യമന്ത്രിയായും തെരഞ്ഞെടുത്താല്‍ അവരെ പിന്തുണയ്‌ക്കേണ്ടത് എന്റെ കടമയാണെന്നാണ് എന്റെ നിലപാട്. ഇതുവരേയും ഒരു പാര്‍ട്ടിയും എന്നോട് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനോ അംഗത്വം എടുക്കാനോ ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല.” മാധവൻ പറഞ്ഞു.

“ഇന്ത്യന്‍ ആയിരിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്? ഇന്ത്യനാകുന്നത് കാണിക്കാന്‍ പാടില്ലേ? എനിക്കറിയില്ല. എന്റെ കണ്ടീഷനിങ് അങ്ങനെയല്ലെന്നും താരം പറയുന്നു. ധുരന്ധര്‍ കഥ നടക്കുന്നത് പാക്കിസ്ഥാനിലാണ്. അവിടെ നടക്കുന്നത് കാണിച്ചത്. അതിലെന്താണ് പ്രൊപ്പഗാണ്ടയെന്ന് മനസിലാകുന്നില്ല. നമ്പി സാറിന് സംഭവിച്ചതാണ് കാണിച്ചത്. അത് നമ്മളായിട്ടുണ്ടാക്കിയതല്ല.” മാധവൻ കൂട്ടിച്ചേർത്തു.

റിലീസിന് പിന്നാലെ തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ധുരന്ധറിൽ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് മാധവൻ അവതരിപ്പിച്ചത്. എന്നാൽ സിനിമയുടെ ഉള്ളടക്കം ഒരു പ്രത്യേക രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കുന്നതാണെന്ന വിമർശനം ഒരു വിഭാഗം ശക്തമായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ അഭിനേതാക്കൾക്ക് നേരെയും സോഷ്യൽ മീഡിയയിൽ വ്യാപക ലേബലിംഗുകൾ നടന്നത്.