“മോഹൻലാലിന്റെ മകനായി രഞ്ജി പണിക്കരോ?,” ‘ഖലീഫ’ കാസ്റ്റിങിന് ട്രോളുകൾ

','

' ); } ?>

പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന വൻ ബജറ്റ് ചിത്രം ‘ഖലീഫ’ തീയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ചിത്രത്തിലെ കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾ സജീവമാകുന്നു. സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. മാമ്പറക്കൽ അഹമ്മദ് അലി എന്ന അധോലോക നായകനായി മോഹൻലാലും, അദ്ദേഹത്തിന്റെ കൊച്ചുമകനായ അമീർ അലിയായി പൃഥ്വിരാജും വേഷമിടുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കഥാപാത്രങ്ങളുടെ കുടുംബബന്ധങ്ങളെ ചൊല്ലി സിനിമാ ഗ്രൂപ്പുകളിൽ തർക്കങ്ങൾ ഉടലെടുത്തത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന്റെ സ്റ്റിൽ ആണ് ചർച്ചകൾക്ക് തുടക്കമിട്ടത്. വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന പൃഥ്വിരാജിനും നായിക മാളവിക ശർമയ്ക്കുമൊപ്പം രഞ്ജി പണിക്കരും മോഹിനിയും നിൽക്കുന്ന ചിത്രമായിരുന്നു അത്. ഇതോടെ, രഞ്ജി പണിക്കരും മോഹിനിയും പൃഥ്വിയുടെ മാതാപിതാക്കളാണെന്ന നിഗമനത്തിൽ പ്രേക്ഷകരെത്തി. അങ്ങനെയെങ്കിൽ രഞ്ജി പണിക്കർ മോഹൻലാലിന്റെ മകനായി അഭിനയിക്കുന്നത് ‘മോശം കാസ്റ്റിങ്’ ആണെന്ന് ചൂണ്ടിക്കാട്ടി മൂവി സ്ട്രീറ്റ് 2 ഗ്രൂപ്പിലടക്കം ചിലർ പോസ്റ്റുകൾ പങ്കുവെച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

എന്നാൽ ഇത്തരം ട്രോളുകൾക്കും വിമർശനങ്ങൾക്കും കൃത്യമായ മറുപടിയുമായി ഭൂരിഭാഗം സിനിമാ പ്രേമികളും രംഗത്തെത്തിയിട്ടുണ്ട്. രഞ്ജി പണിക്കർ നായികയുടെ അച്ഛനാകാനുള്ള സാധ്യതയും, അല്ലെങ്കിൽ മോഹൻലാലിന്റെ മകളുടെ മകനായി പൃഥ്വിരാജിന്റെ കഥാപാത്രം വരുന്ന രീതിയിലുള്ള തിരക്കഥാ സാധ്യതകളും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

മാത്രവുമല്ല, സിനിമയിൽ പ്രായമല്ല പ്രകടനത്തിനാണ് മുൻഗണന നൽകേണ്ടതെന്ന ശക്തമായ നിലപാടിലാണ് സിനിമാസ്നേഹികൾ. മുൻകാലങ്ങളിൽ ദിലീപ് സിദ്ധീഖിന്റെ അച്ഛനായും, സായ് കുമാറും സിദ്ധീഖും മോഹൻലാലിന്റെ അച്ഛനായും, ആര്യ പൃഥ്വിരാജിന്റെ അച്ഛനായും അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള ഉദാഹരണങ്ങൾ ഇവർ എടുത്തുകാണിക്കുന്നു. പ്രായ വ്യത്യാസങ്ങൾക്കപ്പുറം അഭിനേതാക്കൾ സ്ക്രീനിൽ നൽകുന്ന പെർഫോമൻസാണ് ചിത്രത്തിന്റെ വിജയമെന്നിരിക്കെ, റിലീസിന് മുൻപുള്ള ഇത്തരം ഊഹാപോഹങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് പൊതുവിലയിരുത്തൽ. ഓഗസ്റ്റ് 20-ന് തീയേറ്ററുകളിലെത്തുന്ന ‘ഖലീഫ’യ്ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.